പാലക്കാട് : വിവാഹ പരസ്യം നൽകിയ ചിറ്റിലഞ്ചേരിയിലെ യുവാവിനെ കോയമ്പത്തൂർ പല്ലടത്തേക്ക് പെണ്ണുകാണാനെന്ന പേരിൽ വിളിച്ചുവരുത്തി സ്വർണവും പണവും കവർന്ന സംഭവത്തിൽ ക്വട്ടേഷൻ സംഘാംഗമുൾപ്പെടെ നാലുപേരെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കഞ്ചിക്കോട് സ്വദേശിയായ ബിമൽ എന്ന ബിനീഷ് കുമാർ (44), തിരുപ്പൂർ സ്വദേശികളായ പ്രകാശൻ (40), വിഘ്‌നേഷ് (23), മണികണ്ഠൻ(25) എന്നിവരെയാണ് തിരുപ്പൂരിൽ നിന്ന് സാഹസികമായി പിടികൂടിയത്.
ഏപ്രിലിലാണ് ചിറ്റിലഞ്ചേരിയിലെ രാമകൃഷ്ണനും സുഹൃത്ത് പ്രവീണും തട്ടിപ്പിനിരയായത്. രാമകൃഷ്ണൻ വധുവിനെ ആവശ്യമുണ്ടെന്ന പത്രപരസ്യം നൽകിയിരുന്നു. പല്ലടത്തുനിന്ന് പരസ്യം കണ്ടിട്ട് വിവരം അന്വേഷിക്കാനെന്ന രീതിയിൽ ഒരാൾ വിളിച്ചു.
ആലോചനയിൽ താൽപ്പര്യമുണ്ടെന്ന് പറഞ്ഞ് പെണ്ണുകാണാൻ ക്ഷണിച്ചു. ഏപ്രിൽ ഒന്നിന് രാമകൃഷ്ണൻ പ്രവീണിനെയും കൂട്ടി കാറിൽ പല്ലടത്ത് എത്തി. ഒരു വീട്ടിൽ കൊണ്ടുപോയി ഇരുത്തിയശേഷം രണ്ടു പേർകൂടി എത്തി. ഇവർ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതായി ഇരുവരും പറയുന്നു.
also read: 38 വർഷമായി മോഷണം, 200 കേസുകളിൽ പ്രതിയായ മോഷ്ടാവ് പിടിയിൽ
രാമകൃഷ്ണന്‍റെ അഞ്ച് പവൻ മാല, ഒരു പവൻ മോതിരം, പ്രവീണിന്‍റെ ഒരു പവൻ മോതിരം എന്നിവ ഊരിവാങ്ങി. എടിഎം കാർഡ് കൈവശപ്പെടുത്തി നാൽപതിനായിരം രൂപ പിൻവലിച്ചു.
ഇതിനുശേഷം ഇവരുടെ കാറിൽ തന്നെ കയറ്റിവിടുകയായിരുന്നു. പല്ലടം പൊലീസില്‍ ഇവർ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് ആരോപണമുണ്ട്.