പാലക്കാട്: എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലെടുത്ത മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകരായ ശരവണന്‍, ആറുമുഖൻ, രമേശ് എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ രമേശ് മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്‍റെ ഉറ്റ സുഹൃത്താണ്.
സഞ്ജിത്തിന്‍റെ കൊലപാതകത്തിന്‍റെ പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ സമ്മതിച്ചുവെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സുബൈറാണ് അതിന് ഉത്തരവാദിയാണെന്ന് സഞ്ജിത്ത് തന്നോട് മുൻപ് പറഞ്ഞിട്ടുണ്ടെന്ന് രമേശ് മൊഴി നൽകിയിട്ടുണ്ട്. സുബൈറിനെ 8, 9 തിയതികളിൽ വധിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും പ്രതികൾ മൊഴി നൽകി.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് സംഘാംഗങ്ങളെ കുറിച്ചും പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. മൂന്ന് പ്രതികളില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവരുടെ മൊഴികളില്‍ നിന്ന് മറ്റ് പ്രതികളെകുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ALSO READ: സുബൈർ വധക്കേസിൽ മൂന്ന് പ്രതികൾ കസ്റ്റഡിയിൽ
സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ വലയിലാക്കാനായത്. ഇന്നലെ രഹസ്യ കേന്ദ്രത്തില്‍ മണിക്കൂറുകളോളം ഇവരെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യാനായി കസ്റ്റഡിയിലുള്ള മറ്റുള്ളവരുടെ അറസ്റ്റും വൈകാതെ ഉണ്ടാകും.
അതേസമയം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍റെ കൊലപാതകത്തിലെ പ്രതികള്‍ നാടു വിട്ടു എന്നാണ് പൊലീസ് കരുതുന്നത്. സംസ്ഥാനത്തിന് പുറത്തും അന്വേഷണം വ്യാപിക്കുന്നുണ്ട്. ഇന്ന് ജില്ല പൊലീസ് മേധാവി അന്വേഷണ പുരോഗതി വ്യക്തമാക്കാന്‍ മാധ്യമങ്ങളെ കാണും. എഡിജിപി വിജയ് സാഖറെയും ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.