പാലക്കാട് : തമിഴ്നാട്ടിൽ നിന്നും പാലക്കാടൻ അതിർത്തി ഗ്രാമങ്ങളിലൂടെ വൻ തോതിൽ സ്പിരിറ്റ് കലര്‍ത്തിയ കള്ള് കടത്തുന്നതായി പരാതി. തമിഴ്നാട്ടിലെ പൊള്ളാച്ചി മേഖലയിലുള്ള ആനമല, മുത്തൂർ, ഗോപാലപുരം എന്നിവിടങ്ങളിൽ നിർമിക്കുന്ന വ്യാജ കള്ളാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. ഇവിടുത്തെ ചില തെങ്ങിൻ തോപ്പുകൾ വാടകയ്ക്കെടുത്ത് സ്പിരിറ്റ് എത്തിച്ച് കള്ളിൽ ചേർത്ത് വീര്യം കൂടിയ കള്ളുണ്ടാക്കുന്നു. ഇവ പുലർച്ചെ കേരളത്തിലെ കള്ള് ചെത്തുന്ന തോട്ടങ്ങളിൽ എത്തിച്ച് ആലപ്പുഴ വരെയുള്ള ഷാപ്പുകളിൽ വിൽപ്പന നടത്തുന്നുണ്ടെന്നാണ് വിവരം. നിർമാണം തമിഴ്നാട്ടിലായതിനാൽ കേരളത്തിലെ എക്സൈസ് ഉദ്യോഗസ്ഥർക്ക് അവിടെയെത്തി പരിശോധിക്കുന്നതിനും പരിമിതിയുണ്ട്.
കൂടാതെ എക്സൈസിന്‍റെ കണ്ണുവെട്ടിക്കാൻ കരിങ്കല്ലും മണലും കടത്തുന്ന ലോറികളിലും ചരക്ക് വാഹനങ്ങളിലുമായി കള്ള് കടത്തുന്ന രീതിയും വ്യാപകമാകുന്നു. എന്നാൽ രാത്രി സമയങ്ങളിൽ ചെക് പോസ്റ്റുകളിൽ കാര്യക്ഷമമായ പരിശോധനകൾ നടക്കാറില്ലെന്നും ചരക്ക് ലോറികളിലും മറ്റും സ്പിരിറ്റ് കടത്തുന്നുണ്ടെന്ന് അറിവുള്ളപ്പോഴും ഇത്തരം വാഹനങ്ങൾ കടന്നു പോകുമ്പോൾ ഇവയിൽ എന്താണെന്ന് പരിശോധിക്കാൻ അധികൃതർ തയ്യാറാവുന്നില്ലെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ ദിവസം പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ചാലക്കുടിയിൽ നിന്നും കടത്തിയ സ്പിരിറ്റ് വാഹനം പിന്നീട് തവിട് വാഹനം ആയി മാറിയത് വിവാദമായിരുന്നു. സംസ്ഥാനത്തെ 12 ജില്ലകളിലേക്കുള്ള കള്ള് ഉല്‍പ്പാദിപ്പിക്കുന്നത് ചിറ്റൂരിലാണ്. ചിറ്റൂരിലെ തെങ്ങിൻ തോപ്പുകളിൽ ഇപ്പോഴത്തെ കള്ളുൽപാദനം ദിവസവും ശരാശരി 12000 ലിറ്റർ മാത്രമാണ്. എന്നാൽ തെക്കൻ ജില്ലകളിലേക്ക് അമ്പതിനായിരം ലിറ്റർ കള്ളാണ് കഴിഞ്ഞദിവസം ഇവിടെനിന്നും കൊണ്ടുപോയത്. ഇത്രയും കള്ള് എവിടെനിന്നു വന്നുവെന്നു പോലും എക്സൈസ് ഉദ്യോഗസ്ഥർ അന്വേഷിക്കാൻ തയ്യാറാകുന്നില്ലെന്ന പരാതി ശക്തമാണ്.