പാലക്കാട്: പട്ടാമ്പി താലൂക്കിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു. താലൂക്കിലെ പ്രവർത്തനങ്ങൾക്ക് നിർദ്ദേശം നൽകുന്നതിനും നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനും പാലക്കാട് ജില്ലാ കലക്ടർ ഡി ബാലമുരളി, അസിസ്റ്റന്‍റ് കലക്ടർ ചേതൻ കുമാർ മീണയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി ചേർന്ന യോഗത്തിൽ പൊലീസ്, ആരോഗ്യം, റവന്യൂ, മോട്ടോർ വാഹനവകുപ്പ്, മുനിസിപ്പാലിറ്റി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
പട്ടാമ്പി മുനിസിപ്പാലിറ്റി, തിരുവേഗപുറ, കൊപ്പം, ഓങ്ങല്ലൂർ, പരുതൂർ, വല്ലപ്പുഴ എന്നീ പഞ്ചായത്തുകളിൽ നിരീക്ഷണത്തിലുള്ളവർ വീടിന് പുറത്തിറങ്ങുകയോ കറങ്ങി നടക്കുകയോ ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ സ്‌പെഷ്യൽ സ്ക്വാഡിന് രൂപം നല്‍കി. പട്ടാമ്പിയിലുള്ള ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണ സാധനങ്ങളും സുരക്ഷയ്‌ക്ക് ആവശ്യമായ മാസ്കുകളും സാനിറ്റൈസറുകളും താമസ സ്ഥലങ്ങളിൽ എത്തിച്ച് നൽകും. നിർദേശങ്ങൾ അവഗണിച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരെ നടപടി എടുക്കാൻ മോട്ടോർ വാഹനവകുപ്പിന് നിർദേശം നൽകി. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ഫയർ ഫോഴ്സിന്‍റെ നേതൃത്വത്തിൽ അണുനശീകരണം നടത്താനും നിർദേശം നൽകി.