പാലക്കാട്: നിരോധിച്ച നോട്ട് മാറ്റി നൽകാത്തതിന്‍റെ പേരിലുള്ള തർക്കത്തിനിടെ യുവാക്കളെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് പണം കവർന്ന കേസിൽ 12 പേർ അറസ്‌റ്റിൽ. ബുധന്‍ ഉച്ചയ്‌ക്ക് ശേഷമാണ് കേസിന് ആസ്‌പദമായ സംഭവം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
പ്രതികൾ സഞ്ചരിച്ച അഞ്ച് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം അരീക്കോട് പാറയ്‌ക്കൽ അബ്ദുള്‍ നാസർ, ഇയാളുടെ സുഹൃത്തും അയൽവാസിയുമായ അബ്ദുള്‍ റഹ്മാൻ എന്നിവരെ തട്ടിക്കൊണ്ടുപോയി മർദിച്ച് പണം കവർന്നെന്നാണ് കേസ്.
പട്ടാമ്പി കുലുക്കല്ലൂർ സ്വദേശി മുഹമ്മദ് മുസ്‌തഫ(52), കിണാശേരി തണ്ണീർപ്പന്തൽ മുഹമ്മദ് ഷെരീഫ്(31), കൽമണ്ഡപം സഫീർ മുഹമ്മദ് (39), മണ്ണാർക്കാട് കോടതിപ്പടി സ്വദേശികളായ ആർ വിജീഷ് (33), എ ദീപു (29), രമേഷ് (31), കെ ബിജു (51), തൃശൂർ പട്ടിക്കാട് ആർ രാമകൃഷ്ണൻ (67), മേപ്പറമ്പ് മുഹമ്മദ് അബ്ബാസ് (40), ഒലവക്കോട് നിഷാദ് ബാബു (36), പിരായിരി എസ് ഷഫീർ (34), നൂറണി പൂളക്കാട് സാദത്ത് ഹുസൈൻ(45) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്‌തത്.
പൊലീസ് പറയുന്നതിങ്ങനെ
അബ്‌ദുള്‍ റഹ്മാൻ നിരോധിച്ച നോട്ടുകൾ മാറ്റി നൽകുന്ന ഏജന്‍റായിരുന്നു. പഴയ നോട്ടുകൾ കൈപ്പറ്റി സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കൈമാറ്റം നടത്തി പുതിയ നോട്ടുകൾ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് അബ്‌ദുള്‍ നാസർ മൂന്ന് ഘട്ടങ്ങളിൽ പഴയ നോട്ടും കമ്മിഷനായി പുതിയ നോട്ടുകളുമുൾപ്പെടെ പണം വാങ്ങിയത്. ഇത്തരത്തിൽ വിവിധ ആളുകളിൽ നിന്ന് 78.90 ലക്ഷം രൂപയുടെ പഴയ നോട്ട് വാങ്ങി.
മാറ്റിക്കിട്ടാൻ വൈകിയതോടെ പണം നൽകിയവർ സംഘടിച്ച് പാലക്കാടെത്തി. ചന്ദ്രനഗറിലെ സ്വകാര്യഹോട്ടലിൽ ഒരു യോഗത്തിൽ പങ്കെടുക്കുകയായിരുന്ന അബ്ദുൾ റഹ്മാനെയും അബ്ദുൾ നാസറിനെയും കൂടുതൽ പണമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കാറിൽ തട്ടിക്കൊണ്ടു പോയി. പ്രതികളിലൊരാളായ മുഹമ്മദ് ഷെരീഫിനെ കിണാശേരി മമ്പറത്തെ ഫാമിലെത്തിച്ചു. ഇവിടെവച്ച് മർദിച്ച ശേഷം എടിഎം കാർഡ് പിടിച്ചുവാങ്ങി, അതിൽനിന്ന് പണം പിൻവലിച്ചു.
ഇവരിൽനിന്ന് മൊബൈൽ ഫോണുകളും 10,300 രൂപയും കൈക്കലാക്കിയ ശേഷം ചന്ദ്രനഗറിലെ ഹോട്ടലിൽ യോഗത്തിൽ പങ്കെടുക്കുകയായിരുന്ന സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ച് ഇരുവരേയും കൊലപ്പെടുത്തുമെന്നും പണം തിരിച്ചുവേണമെന്നും ഭീഷണിപ്പെടുത്തി.
ബന്ധുക്കൾ ഉടൻ കസബ പൊലീസിൽ പരാതി നൽകി. മൊബൈൽ ടവർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഘത്തെ കിണാശേരിയിൽ നിന്ന് പിടികൂടി. പ്രതികൾക്കെതിരെ മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ കേസുണ്ട്. പരിക്കേറ്റ അബ്‌ദുള്‍ നാസർ, അബ്‌ദുള്‍ റഹ്മാൻ എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി.
ALSO READ: പഞ്ചാബ് തെരഞ്ഞെടുപ്പ്; കച്ച കെട്ടി രാഷ്‌ട്രീയ പാർട്ടികൾ, എല്ലാ കണ്ണുകളും മാൾവയിലേക്ക്