പാലക്കാട്: കടുത്ത വേനലിലും പാലക്കാട് ജില്ലയില്‍ രാവിലെ കാണപ്പെട്ട മൂടൽമഞ്ഞ് കൗതുകമായി. തിങ്കളാഴ്ച (14.03.22) രാവിലെയാണ് ജില്ലയിൽ മൂടൽ മഞ്ഞ് കാണപ്പെട്ടത്. രാവിലെ ഒമ്പത് മണി വരെ കാഴ്ച മറയ്ക്കും വിധത്തിലുള്ള മൂടൽ മഞ്ഞിൽ വാഹനങ്ങൾ ഹെഡ്‌ലൈറ്റ് ഇട്ടാണ് ഓടിയത്. കേരളശേരി, കോങ്ങാട്, മുണ്ടൂർ മേഖലയിലും കനത്ത മഞ്ഞുണ്ടായി.
അസാധാരണമെന്ന് വിദഗ്‌ധർ
റേഡിയേഷൻ കൂളിങ് എന്ന പ്രതിഭാസമാണ് ഇതെന്നാണ് കാലാവസ്ഥ വിദഗ്‌ധരുടെ വിലയിരുത്തൽ. രാത്രി ഭൂമി നന്നായി തണുക്കുന്നതിനെ തുടർന്ന് വികിരണങ്ങൾ ഭൂതലത്തിൽ നിന്ന് മേഘങ്ങളിലേക്ക് ഉയരും. ഇത്തരം നനവുളള ഭൗമവികിരണങ്ങൾ മൂടൽ മഞ്ഞിന്‍റെ രൂപത്തിൽ കാണപ്പെടുകയും ചെയ്യുന്നു.

മലയോര മേഖലകളിൽ ഇത്തരം പ്രതിഭാസം സാധാരണമാണ്. മഞ്ഞ് കാലങ്ങളിലും, മഴക്കാലങ്ങളിലും കാണാറുള്ള ഈ പ്രതിഭാസം ജില്ലയിൽ ചൂട് 42ലെത്തിയതിന് പിന്നാലെയുണ്ടായത് അസാധാരണമെന്നാണ് കാലാവസ്ഥ വിദഗ്‌ധരുടെയും വിലയിരുത്തൽ. എന്നാൽ, കൂടിയ ചൂടുമായി ഞായറാഴ്ചയിലെ പ്രതിഭാസത്തിന് ബന്ധമില്ലെന്ന് തൃശൂർ കാലാവസ്ഥ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളജ് അധ്യാപകൻ ഡോ.ഗോപകുമാർ പറഞ്ഞു.
Also read:സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കോഴി വില; ഒരു മാസത്തിനിടെ കൂടിയത് 65 രൂപ