പാലക്കാട്: കാലവർഷം എത്തിയതോടെ പാലക്കാട് ഒന്നാം വിള നെൽകൃഷിക്ക് തുടക്കമായി. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് കൃഷി ചെയ്യുന്ന ജില്ലയാണ് പാലക്കാട്. പൂർണമായും മഴയെ ആശ്രയിച്ച് ചെയ്യുന്ന കൃഷിയാണ് ഒന്നാംവിള. കഴിഞ്ഞവർഷം കാലവർഷം വൈകി എത്തിയതിനാൽ കൃഷിയിറക്കാനും വൈകിയിരുന്നു. എന്നാൽ ഇത്തവണ മഴ നേരത്തെ എത്തിയത് കർഷകർക്ക് ഗുണകരമായി.
നിലം ഉഴുന്നത് മുതൽ കൊയ്തെടുക്കുന്നത് വരെ ഏക്കറിന് 17,000 മുതൽ 18,000 രൂപ വരെ കർഷകർക്ക് നെൽകൃഷിക്ക് ചെലവാകുന്നുണ്ട്. ഒരേക്കറിൽ നിന്നും ശരാശരി 2000 കിലോ വരെ നെല്ലാണ് പാലക്കാടൻ വയലുകളിൽ ലഭിക്കാറുള്ളത്. ഇത് സംസ്ഥാന ശരാശരിയെക്കാൾ കൂടുതലാണ്. കഴിഞ്ഞ ഒന്നാം വിളയിൽ ഒന്നര ലക്ഷം മെട്രിക് ടൺ നെല്ല് പാലക്കാട് നിന്നും സംഭരിച്ചിരുന്നു. കാലാവസ്ഥ അനുകൂലമായാൽ ഇക്കൊല്ലം കൂടുതൽ വിളവ് ലഭിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ.