പാലക്കാട്: പാൽ വില ലിറ്ററിന് ഒന്നര രൂപ വർധിപ്പിക്കാനുള്ള മലബാർ മേഖലാ ക്ഷീരോത്പാദക യൂണിയന്‍റെ തീരുമാനം ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമായി. 2019 ജൂലൈ ഒന്ന് മുതൽ 31 വരെ പ്രാഥമിക സഹകരണ സംഘങ്ങളിൽ പാലളന്ന കർഷകർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഓഗസ്റ്റ് 21 മുതൽ 30 വരെ അളന്ന പാലിന്‍റെ വിലയോടൊപ്പം അധിക വിലയും കർഷകരുടെ അക്കൗണ്ടിലെത്തും. സെപ്റ്റംബർ പത്തിനകം ഇത് അംഗങ്ങൾക്ക് ലഭിക്കും. മിൽമയ്ക്ക് നൽകിയ പാലിന്റെ അളവിനനുസരിച്ചാണ് അധിക വില നൽകുന്നതെങ്കില്‍ പ്രാദേശിക വിൽപ്പന നടത്തിയതിൽ നിന്ന് സംഘത്തിന് കിട്ടിയ ലാഭവിഹിതവും ഇതിനൊപ്പം നൽകണമെന്നും നിർദേശമുണ്ട്.
പാലക്കാട് കൂടാതെ മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി 206.88 ലക്ഷം ലിറ്റർ പാലാണ് ജൂലൈ മാസത്തിൽ മിൽമ സംഭരിച്ചത്. ഇപ്പോഴത്തെ വില വർധനവ് താത്കാലിക ആശ്വാസം നൽകുന്നുണ്ടെങ്കിലും വില വർധനവ് സ്ഥിരപ്പെടുത്തിയാൽ മാത്രമെ തങ്ങൾക്ക് മേഖലയിൽ പിടിച്ച് നിൽക്കാനാകുവെന്നാണ് കർഷകർ പറയുന്നത്. മഴയിൽ പാലക്കാട് ജില്ലയിലെ ക്ഷീരമേഖലയില്‍ വലിയ നഷ്ടമാണുണ്ടായത്. നിരവധി പശുക്കളും കന്നുകുട്ടികളും ചത്ത് പോകുകയും ഇരുന്നൂറിലധികം തൊഴുത്തുകൾ തകരുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാലുത്പാദനം നടക്കുന്നത് പാലക്കാട് ജില്ലയിലാണ്.