പാലക്കാട്: ഷോളയൂർ ഗോഞ്ചിയൂരിൽ മധ്യവയസ്‌കനെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഓടപ്പെട്ടി സ്വദേശി ജുങ്കന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ വീട്ടിൽ നിന്നും വേട്ടയ്ക്ക് ഉപയോഗിക്കുന്ന കെണിയും അമ്പും വില്ലും പൊലീസ് കണ്ടെടുത്തു. വേട്ടയ്ക്ക് പോകുന്നതിനിടെ മരണം സംഭവിച്ചതാകാനാണ് സാധ്യതയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
വീടിനടുത്തുള്ള കാപ്പി തോട്ടത്തിലേക്ക് ഇന്നലെ രാത്രി ജുങ്കനും സുഹൃത്തുക്കളായ ജിജു എബ്രഹാം, സതീഷ് എന്നിവരും മദ്യപിക്കുന്നതിനായി പോകുന്നത് കണ്ടതായി സമീപവാസികൾ പറയുന്നു. ഇവിടെ വെച്ച് ആനയെ കണ്ട മൂവരും ചിതറിയോടുകയായിരുന്നുവെന്നും ഇതിൽ സതീഷ് മരത്തിൽ കയറി രക്ഷപ്പെട്ടപ്പോൾ മറ്റ് രണ്ട് പേരും രണ്ട് വഴിക്ക് ഓടി രക്ഷപ്പെട്ടെന്നും സമീപവാസികൾ പൊലീസിനോട് പറഞ്ഞു.
മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് വച്ച് ഹെഡ് ലാമ്പും എയർ ഗണ്ണും വെട്ടുകത്തിയും കണ്ടെത്തിയത് സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുന്നതായും ഇവർ പറയുന്നു. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അഗളി ആശുപത്രിയിലേക്ക് മാറ്റി.
Also read: ആലപ്പുഴയിൽ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി