പാലക്കാട്: തിരുവിഴാംകുന്നിൽ ഗർഭിണിയായ കാട്ടാനയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി വനം വകുപ്പ്. വ്യക്തമായ തെളിവുകൾ ലഭിച്ചതിന് ശേഷം നടപടിയെടുക്കാനാണ് തീരുമാനം. ഇതിനിടെ മണ്ണാര്‍ക്കാട് പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്തു. പ്രദേശവാസികളില്‍ നിന്നും കർഷകരിൽ നിന്നും പൊലീസ് മൊഴിയെടുത്തു.
മെയ് 27നാണ് സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച് കാട്ടാന ചെരിഞ്ഞത്. സൈലന്‍റ് വാലി ദേശീയോദ്യാനത്തിലാണ് കാട്ടുപന്നിയെ പിടികൂടാൻ ഒരുക്കിയ കെണിയില്‍ ഗർഭിണിയായ ആന അകപ്പെട്ടത്. പിന്നാലെ സംഭവത്തിന് രാജ്യാന്തര ശ്രദ്ധ നേടിയതോടെയാണ് വനം വകുപ്പും പൊലീസും അന്വേഷണം ഊർജിതമാക്കിയത്. സ്ഫോടനത്തിൽ ആനയുടെ രണ്ട് താടിയെല്ലുകളും തകർന്നിരുന്നു. പൊട്ടിത്തെറിയില്‍ വായയും നാക്കും പൂർണമായും തകർന്നു. പിന്നീട് ഭക്ഷണം കഴിക്കാൻ പോലും കഴിയാതെ വേദന കടിച്ചമർത്തിയാണ് ആന മരണത്തിന് കീഴടങ്ങിയത്.