പാലക്കാട്: ഭാരതപ്പുഴയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തി വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഒരുങ്ങുകയാണ് തൃത്താല വെള്ളിയാങ്കല്ല്. ജില്ലയിൽ ആദ്യത്തെ കയാക്കിങ് കേന്ദ്രമാണ് തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിനോട് ചേർന്ന് ഒരുങ്ങുന്നത്. ഭാരതപ്പുഴയിൽ മാലിന്യം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിൽ അവ ശേഖരിക്കുകയും പഞ്ചായത്ത് വഴി സംസ്‌കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇവിടെ നടത്തിയ ഏകദിന കയാക്കിങ് വിജയകരമായിരുന്നു.
പുഴയുടെ വലിപ്പത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള ഭാരതപ്പുഴ കയാക്കിങ് ടൂറിസത്തിന് അനുയോജ്യമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വിദേശ രാജ്യങ്ങളിൽ കയാക്കിങ് ടൂറിസം പ്രധാന ആകർഷണമാണ്. കേരളത്തിൽ കോട്ടയത്തും എറണാകുളത്തും കയാക്കിങ് ടൂറിസം വിജയകരമായി തുടരുന്നുണ്ട്.
തൃത്താലയും പട്ടിത്തറയും കേന്ദ്രീകരിച്ച് ആരംഭിക്കുന്ന ഉത്തരവാദിത്വ ടൂറിസം പദ്ധതിക്കുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു. പ്രളയത്തിൽ തകർന്ന തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്ക് 43 ലക്ഷം രൂപ ചെലവിട്ടാണ് നവീകരിച്ചത്.