പാലക്കാട്: തിരുവിഴാംകുന്നിൽ ഗർഭിണിയായ കാട്ടാനയെ സ്ഫോടകവസ്തു വെച്ച് കൊന്ന കേസിലെ പ്രതി വിൽസൺ റിമാൻഡിൽ. പട്ടാമ്പി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. വെള്ളിയാഴ്ച രാവിലെയാണ് അന്വേഷണ സംഘം പ്രതിയായ കോട്ടോപ്പാടം പഞ്ചായത്തിലെ ചളിക്കൽ ഒതുക്കുംപുറം എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളി വിൽസണെ അറസ്റ്റ് ചെയ്തത്.
മെയ് 27നാണ് തിരുവിഴാംകുന്നിൽ ഗർഭിണിയായ കാട്ടാന കൊല്ലപ്പെട്ടത്. അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് തേങ്ങക്കുള്ളിൽ പടക്കം ഒളിപ്പിച്ചാണ് കെണി വെച്ചതെന്ന് വിൽസൺ മൊഴി നൽകിയത്. പന്നിയെ പിടിക്കാനായിരുന്നു വനത്തിനുള്ളിൽ കെണി വെച്ചതെന്നും ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞു. കേസിൽ എസ്റ്റേറ്റ് ഉടമകളായ അബ്ദുല്‍ കരീമും മകൻ റിയാസുദീനുമാണ് മറ്റു പ്രതികൾ. ഇവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.