പാലക്കാട്: ടോള്‍ പിരിവില്‍ പ്രതിഷേധിച്ച് പാലക്കാട്-തൃശൂര്‍ പാതയില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി. ഏപ്രില്‍ ഒന്നുമുതല്‍ ടോള്‍ നിരക്ക് ദേശീയ പാത അതോറിറ്റി ഉയര്‍ത്തിയിരുന്നു. ഉയര്‍ന്ന ടോള്‍ നല്‍കാന്‍ കഴിയില്ലെന്നും പ്രത്യക്ഷ സമരവുമായി മുന്നോട്ടുപോകുമെന്നും ബസുടമകള്‍ അറിയിച്ചു. തീരുമാനമായില്ലെങ്കില്‍ ടോള്‍ പ്ലാസയ്ക്ക് മുന്നില്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് ബസുടമകളുടെ തീരുമാനം.
പന്നിയങ്കര ടോള്‍ പ്ലാസയിലാണ് ബസുടമകള്‍ പ്രതിഷേധവുമായി എത്തിയത്. ഉയര്‍ന്ന നിരക്ക് നല്‍കാന്‍ കഴിയില്ലെന്ന് ബസുടമകള്‍ പറഞ്ഞതിനെ തുടര്‍ന്ന് ടോള്‍ പ്ലാസയിലൂടെ ബസുകള്‍ കടത്തിവിട്ടില്ല. ഇതിനെ തുടര്‍ന്നാണ് ബസുടമകള്‍ സര്‍വീസ് നിര്‍ത്തി പ്രതിഷേധിച്ചത്.
ദേശീയ പാത അതോറിറ്റി നിശ്ചയിച്ച ടോള്‍ നല്‍കണമെന്നാണ് ടോള്‍ പിരിവ് നടത്തുന്ന കമ്പനിയുടെ ആവശ്യം. എന്നാല്‍ ഉയര്‍ന്ന ടോള്‍ നല്‍കി സര്‍വീസ് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് ബസുടമകളുടെ നിലപാട്.