പാലക്കാട്: ജില്ലയിൽ രണ്ടാംവിള നെല്ല് സംഭരണത്തിന് തുടക്കമായി. പട്ടാമ്പി, മണ്ണാർക്കാട്, തൃത്താല പ്രദേശങ്ങളിൽ നിന്നാണ് നെല്ല് സംഭരണം തുടങ്ങിയത്. അമ്പതോളം മില്ലുകളാണ് സംഭരണവുമായി സഹകരിക്കുന്നത്. ഒന്നാംവിള സംഭരണം ഏകദേശം പൂർത്തിയായി. ഈ ആഴ്‌ച സംഭരണം പൂർത്തിയാകും.
നെല്ലളക്കുന്നതിനനുസരിച്ച് കർഷകർക്ക് തുക ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്നുണ്ട്. ഒന്നാം വിളയ്‌ക്ക് ജില്ലയിൽ റെക്കോഡ് സംഭരണമാണ് നടന്നത് 1,30,045.167 ടൺ നെല്ല് സംഭരിച്ചു. സുഭിക്ഷ കേരളം പദ്ധതിയിലൂടെ തരിശുനില കൃഷി വ്യാപകമാക്കിയതോടെയാണ് ഉൽപ്പാദനം വർധിച്ചത്.
സംസ്ഥാനത്താകെ 1.76 ലക്ഷം ടൺ നെല്ല് സംഭരിച്ചു. കൂടുതൽ നെല്ല് സംഭരിച്ചത് പാലക്കാട് ജില്ലയിൽ നിന്നാണ്. ആലപ്പുഴയിൽനിന്ന് 24,374 ടണ്ണും, കോട്ടയത്തുനിന്ന് 10,735 ടണും, തൃശൂരിൽനിന്ന് 4013 ടണ്ണും, നെല്ല് സംഭരിച്ചു.പാലക്കാട് ജില്ലയിൽ കൂടുതൽ നെല്ലെടുത്തത് ചിറ്റൂർ താലൂക്കിൽ നിന്നാണ് 49,540 ടൺ. ആലത്തൂർ 45,514, പാലക്കാട് 31,612, ഒറ്റപ്പാലം 1766, പട്ടാമ്പി 1602, മണ്ണാർക്കാട് 7.5 ടൺ എന്നിങ്ങനെയാണ് നെല്ലെടുത്തത്. 2019 –20ൽ ഒന്നാംവിളയ്ക്ക് 1.2 ലക്ഷം ടണ്ണായിരുന്നു സംഭരണം.