പാലക്കാട് : ട്രെയിൻ യാത്രക്കിടയിലെ അശ്രദ്ധയും നിയമലംഘനങ്ങളും മൂലം പെരുകുന്ന അപകടങ്ങൾ ഒഴിവാക്കാൻ വ്യത്യസ്‌ത ബോധവത്ക്കരണ പരിപാടിയുമായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്. ഒലവക്കോട് സ്റ്റേഷനില്‍ നടത്തിയ പരിപാടിയില്‍ പൂച്ചെണ്ട് നൽകിയാണ് യാത്രക്കാർക്ക് മാർഗനിർദ്ദേശങ്ങൾ നൽകിയത്.
റെയിൽവേയുമായി ബന്ധപ്പെട്ട് അപകട നിരക്ക് വർദ്ധിച്ചുവരികയാണ്. പാലക്കാട് ഡിവിഷനിൽ മാത്രം ദിവസേന ഒരാളെങ്കിലും അപകടങ്ങളിൽപ്പെട്ട് മരണപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആളുകളെ കൂടുതൽ ജാഗ്രതയുള്ളവരാക്കാൻ ആർ പി എഫ് തീരുമാനിച്ചത്. ശിക്ഷാ നടപടികളേക്കാൾ ഇത്തരം ബോധവത്ക്കരണ പരിപാടികൾ യാത്രക്കാരിൽ കൂടുതൽ സ്വാധീനം ചെലുത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
ആദ്യ ദിവസങ്ങളിൽ നടക്കുന്ന ഇത്തരം ബോധവത്ക്കരണ പരിപാടികൾക്കു ശേഷവും നിയമ ലംഘനങ്ങൾ തുടർന്നാൽ പിഴയും, കേസുമുൾപ്പെടെ കർശനമായ നടപടികൾ സ്വീകരിക്കാനും ആർ പി എഫ് തീരുമാനിച്ചു.