പാലക്കാട്: പാചകവാതക സിലിണ്ടറുമായിവന്ന ലോറി ബൈക്കിലിടിച്ച് രണ്ട് പേർ മരിച്ചു. മലമ്പുഴ സർക്കാർ കൃഷി ഫാമിലെ ജീവനക്കാരായ മണ്ണാർക്കാട് ശിവൻകുന്ന് ചുങ്കത്ത് വീട്ടിൽ ജോസ്(52), കുമരംപുത്തൂർ പയ്യനെടം കോഴിക്കാട്ടുതൊടി വീട്ടിൽ രാജീവ്കുമാർ(51) എന്നിവരാണ് മരിച്ചത്. ബുധനാഴ്‌ച രാവിലെ 7:30ന് കല്ലടിക്കോട് ടിബി സെന്‍ററിലാണ് അപകടമുണ്ടായത്.
പാലക്കാട് ഭാഗത്തുനിന്ന് വന്ന ലോറി എതിർദിശയിൽവന്ന ബൈക്ക് യാത്രികരെ ഇടിച്ചുതെറിച്ചപ്പിശേഷം പൊലീസ് സ്റ്റേഷന്‍റെ മതിലും തകർത്താണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. ലോറി ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇരുവരെയും ഉടൻ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജില്ല ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. കല്ലടിക്കോട് പൊലീസ് സംഭവത്തിൽ മേൽനടപടികൾ സ്വീകരിച്ചു.