മലപ്പുറം: ഓൺലൈൻ ആപ്പിലൂടെ വായ്‌പയെടുത്ത യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി പരാതി. യുവാവിന്‍റെ ചിത്രം മോർഫ് ചെയ്‌ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. തിരൂർ കട്ടച്ചിറ സ്വദേശി റാഷിദാണ് ഓൺലൈൻ വായ്‌പ തട്ടിപ്പ് സംഘത്തിന്‍റെ കെണിയിൽ കുടുങ്ങിയത്.
ആപ്പ് ഡൗൺലോഡ് ചെയ്‌ത റാഷിദിന് ഇക്കഴിഞ്ഞ നവബർ 10ന് 3000 രൂപ വായ്‌പ ലഭിച്ചിരുന്നു. വായ്പക്കായി റാഷിദിന്റെ പാൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയും ആപ്പ് അധികൃതർക്ക് നൽകിയിരുന്നു. തുടർന്ന് അധികൃതർ ആവശ്യപ്പെട്ട സമയത്തിനുള്ളിൽ തന്നെ പണം തിരിച്ചടച്ചു.
എന്നാൽ പിന്നീട് യുവാവിന്‍റെ അനുവാദമില്ലാതെ അക്കൗണ്ടിലേക്ക് 2,980 രൂപ അയക്കുകയും പണം വേണ്ടെന്ന് അറിയിച്ചപ്പോൾ 5,000 രൂപ തിരിച്ചടക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പണം അടച്ചില്ലെങ്കില്‍ യുവാവിന്‍റെ മോർഫ് ചെയ്‌ത ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
വിവിധ നമ്പറുകളിൽ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയതായും യുവാവ് പറയുന്നു. സംഭവത്തിൽ തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആവശ്യമില്ലാത്തവർക്ക് നിലവിലുള്ള ഡാറ്റ ഉപയോഗിച്ച് വായ്‌പ നൽകി പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ഇത്തരം സംഘങ്ങളുടെ രീതി. മലപ്പുറം ജില്ലയിൽ ഇതിനു മുമ്പും സമാനമായ രീതിയിൽ പണം തട്ടിയെടുത്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
Also read: ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊന്നു