മലപ്പുറം: പുളിക്കൽ ആന്തിയൂർകുന്ന് മൂച്ചിത്തോട്ടം കരിങ്കൽ ക്വാറിയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. സഹോദരങ്ങളുടെ മക്കൾ ആണ് മരിച്ചത്. ഒളവട്ടൂർ വെള്ളിക്കാട്ട് ടിവി കോയയുടെ മകൾ ആയിഷ റിൻഷ (15), കരടുകണ്ടത്തിൽ ടിവി മുഹമ്മദ് കുട്ടിയുടെ മകൾ നാജിയ ഷെറിൻ (13) എന്നിവരാണ് മരിച്ചത്. ഇരുവരും ഒളവട്ടൂര് യത്തീംഖാന സ്കൂളിലെ വിദ്യാർഥികളാണ്. രാവിലെ പത്തരയോടെയാണ് സംഭവം.
വീട്ടിലേക്ക് കുടിവെള്ളമെടുക്കുന്ന പൈപ്പ് കണക്ഷന്‍റെ തകരാര്‍ പരിഹരിക്കുന്നതിനിടെയാണ് രണ്ട് പേരും വെള്ളത്തില്‍ വീണത്. കൂടെയുള്ള മറ്റ് രണ്ട് കുട്ടികൾ അറുനൂറ് മീറ്റർ ഓടി റോഡിലെത്തി വാഹനം തടഞ്ഞ് നിർത്തി വിവരം പറഞ്ഞതോടെ ലോറിക്കാരാണ് ആദ്യം എത്തിയത്. അവര് ഫോണിൽ വിളിച്ചതനുസരിച്ച് മറ്റ് ചിലരും ഓടിയെത്തിയ ശേഷമാണ് വെള്ളക്കെട്ടിൽ താഴ്ന്നു പോയ കുട്ടികളെ പുറത്തെടുത്തത്. കുട്ടികളെ കാണാതായതോടെ അമ്മയും ഇവിടേക്കെത്തിയിരുന്നു. പുറത്തെടുത്ത കുട്ടികളെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് കുട്ടികള്‍ മരിച്ചത്.