മലപ്പുറം: ചട്ടിപ്പറമ്പിൽ പന്നിവേട്ടയ്ക്കിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ഞായറാഴ്‌ച വൈകുന്നേരമാണ് പൊൻമള്ള പഞ്ചായത്തിലെ ചേങ്ങോട്ടൂർ സ്വദേശി അലവിയുടെ മകൻ സാനു എന്ന ഇൻസാദിന് (27) പന്നിവേട്ടയ്ക്കിടെ വെടിയേറ്റത്. ഉടൻ തന്നെ യുവാവിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേസിൽ പെരിന്തൽമണ്ണ സ്വദേശി അസ്‌കർ അലി, നാരിങ്ങപറമ്പിൽ സുനീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ലൈസൻസില്ലാത്ത തോക്കുപയോഗിച്ച് അസ്‌കർ അലിയാണ് യുവാവിനെ വെടിവച്ചത്. വയറിന് വെടിയേറ്റ യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അബന്ധത്തിൽ വെടിയേറ്റതെന്നായിരുന്നു പ്രഥമിക നിഗമനം. സംഭവത്തിൽ കോട്ടക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പിന്നലെയാണ് പ്രതികൾ ഇൻസാദിനെ മനപ്പൂർവം വെടിവെച്ചതാണെന്ന് കണ്ടെത്തിയത്. കൊലപാതകത്തിലേക്ക് നയിച്ചതിന്‍റെ കാരണം ഉൾപ്പെടെ കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.
ALSO READ: മലപ്പുറത്ത് പന്നിവേട്ടയ്ക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു
ഇവർ സ്ഥിരമായി നായാട്ടിന് പോകുന്നവരാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. പിടികൂടിയ പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.