മലപ്പുറം: ഏത് നിമിഷവും തകർന്നു വീഴാം. കാട് കയറി ഉപയോഗ ശൂന്യമായിട്ട് 20 വർഷം. ഇത് ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയത്ത് ആദിവാസി വിദ്യാർഥികൾക്ക് വേണ്ടി നിർമ്മിച്ച ട്രൈബൽ ബോയ്സ് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ അവസ്ഥയാണ്. ഓടക്കയം ഗവ യു.പി സ്‌കൂളിലേക്ക് ആദിവാസി ഊരുകളിൽ നിന്ന് വിദ്യാർഥികൾക്ക് എത്തിപ്പെടാൻ കഴിയാത്ത പശ്ചാത്തലത്തിലാണ് ജില്ലയിലെ ആദ്യ ട്രൈബൽ ഹോസ്റ്റൽ പ്രവർത്തനം ആരംഭിച്ചത്.
പൊളിയാൻ പാകത്തിന്
എന്നാല്‍ കെട്ടിടം തകർന്ന് ഏതു നിമിഷവും പൂർണമായി നിലംപൊത്തും എന്ന അവസ്ഥയിലാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. 1995ൽ നിർമാണം പൂർത്തിയാക്കിയെങ്കിലും വെറും ആറ് വർഷം മാത്രമാണ് ഹോസ്റ്റൽ പ്രവർത്തിച്ചതെന്നും നാട്ടുകാർ പറയുന്നു.
നിലമ്പൂർ ഐ.ടി.ഡി.പി.യുടെ മേല്‍നോട്ടത്തില്‍ 40 വിദ്യർഥികൾക്ക് താമസിച്ചു പഠിക്കാൻ വേണ്ട സൗകര്യങ്ങളാണ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നത്. എന്നാൽ 2001ൽ കെട്ടിടം ഒരു ഭാഗത്തേക്ക് നിലം പതിക്കുകയായിരുന്നുവെന്ന് ഹോസ്റ്റലിലെ പൂർവ വിദ്യാർഥി അനിരുബ് കുമാർ പറഞ്ഞു. ഇതേ തുടർന്ന് ഹോസ്റ്റൽ സന്ദർശിച്ച അധികൃതർ കെട്ടിടത്തിന്‍റെ ഫിറ്റ്നസ് റദ്ദാക്കുകയും ഹോസ്റ്റൽ വാടകക്കെട്ടിടത്തിലേക്ക് മാറ്റുകയുമായിരുന്നു.
ഇവർക്കും പഠിക്കണം
വാടകകെട്ടിടത്തില്‍ ഇനി താമസിച്ച് പഠിക്കാനാകില്ല. സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ഹോസ്റ്റലിന്‍റെ അഭാവത്തിൽ കിലോമീറ്ററുകളോളം സഞ്ചരിച്ച് സ്‌കൂളിലേക്ക് എത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. നിലവിലെ കെട്ടിടം അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
ALSO READ: IPL: കുട്ടിക്രിക്കറ്റിലെ ബാക്കി പൂരത്തിന് ഇന്ന് തുടക്കം, ഇനി വെടിക്കെട്ട് ദിനങ്ങൾ