മലപ്പുറം : അരീക്കോട് കാവനൂരിൽ, തളർന്ന് കിടക്കുന്ന അമ്മയുടെ മുന്നിലിട്ട് മാനസിക വെല്ലുവിളി നേരിടുന്ന മകളെ ക്രൂരമായി പീഡിപ്പിച്ച പ്രതി പിടിയിൽ. മുട്ടാളൻ ഷിഹാബ് എന്നറിയപ്പെടുന്ന ടിവി ഷിഹാബാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം അർധരാത്രിയാണ് നടുക്കുന്ന സംഭവം.
വീടിന്‍റെ വാതിൽ ചവിട്ടിത്തുറന്നാണ് പ്രതി അകത്ത് പ്രവേശിച്ചത്. തൊട്ടടുത്ത് വച്ച് മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും തളർന്നുകിടക്കുന്ന അമ്മയ്ക്ക് നിസ്സഹായയായി കരയാനേ കഴിഞ്ഞുള്ളൂ. തുടർന്ന് പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ കടന്നുകളയുകയായിരുന്നു.
ALSO READ: ചെറിയ തർക്കം, പതിനാലുകാരി അമ്മയെ ഫ്രൈയിങ് പാന്‍ കൊണ്ട് തലക്കടിച്ചു കൊന്നു
പിന്നാലെ അയൽവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്‌തു. മൂന്ന് മാസം മുമ്പും യുവതി പീഡനത്തിരയായിരുന്നു. അന്ന് ഭയം കാരണം പരാതി നൽകിയിരുന്നില്ല. പൊലീസ് കേസെടുത്തതോടെ സാക്ഷി പറഞ്ഞാൽ കൊന്നുകളയുമെന്നും അയൽക്കാരെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.
പരാതി നൽകിയതിനാൽ യുവതിക്കെതിരെയും അയൽക്കാർക്കെതിരെയും വധഭീഷണിയുണ്ട്. ജയിലിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയാൽ ഇയാള്‍ തങ്ങളുടെ ജീവന് ഭീഷണിയാകുമെന്ന ആശങ്കയിലാണ് യുവതിയും അയല്‍വാസികളും.