മലപ്പുറം: കുപ്രസിദ്ധ മോഷ്ടാവ് കട്ടർ റഷീദ് എന്ന വെള്ളാട്ടുചോല റഷീദിനെ പ്രത്യേക അന്വേഷണ സംഘം അരീക്കോട് വച്ച് പിടികൂടി. ചോദ്യം ചെയ്യലില്‍ മലപ്പുറം കോഴിക്കോട് ജില്ലകളിലെ അഞ്ചോളം മോഷണക്കേസുകൾക്ക് തുമ്പ് ലഭിച്ചു. മെയ് അഞ്ചിന് അരീക്കോട് തെരട്ടമ്മൽ സ്വദേശി കളത്തിങ്ങൾ മുഹമ്മദാലിയുടെ വീട്ടിൽ നിന്നും ജനൽ തുറന്ന് കട്ടിലിൽ കിടന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആറ് പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്‌ടിച്ചത് ഇയാളാണെന്ന് വ്യക്തമായിട്ടുണ്ട്.
മോഷണ ശേഷം വീട്ടിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളുടെ കേബിളുകൾ മുറിച്ചു മാറ്റിയ ശേഷമാണ് ഇയാൾ ഇവിടെ നിന്നും പോയത്. എഴുപതോളം മോഷണകേസിലെ പ്രതിയായ റഷീദ് രണ്ട് ആഴ്ച മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. തൊട്ടടുത്ത ദിവസങ്ങളില്‍ കോഴിക്കോട് നടന്ന വാഹനമോഷണം കൊടുവള്ളിയിലെ സ്വര്‍ണക്കവര്‍ച്ച എന്നിവയ്‌ക്ക് പിന്നിലും റഷീദാണ്. അരീക്കോട് പരിസരത്ത് വീണ്ടും മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.