മലപ്പുറം: ആശുപത്രികളില്‍ തത്കാല ശുചിമുറികള്‍ നിർമിക്കുന്ന തിരക്കിലാണ് മലപ്പുറം ജില്ലയിലെ ഒരു കൂട്ടം എൻഎസ്എസ് വളന്‍റിയർമാർ. ജില്ലയിലെ വിവിധ പോളി ടെക്നിക്കുകളിലെ എൻഎസ്എസ് വളന്‍റിയര്‍മാരാണ് ജില്ലാ കലക്ടറുടെ നിർദേശപ്രകാരം മാതൃകാപരമായ ഈ ദൗത്യം ഏറ്റെടുത്തത്. ശുചിത്വ മിഷന്‍റെയും ദുരന്ത നിവാരണ സമിതിയുടെയും പിന്തുണയോടെയാണ് പ്രവര്‍ത്തനം.
പൊന്നാനി സിഎഫ്എൽടിസിയിലേക്കുള്ള തത്കാല ശുചിമുറികളാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്. 12000 രൂപ മുതൽ 14,000 രൂപ വരെയാണ് ഒരു ശുചിമുറി നിര്‍മിക്കാനുള്ള ചിലവ്. എന്‍എസ്‌എസിന്‍റെ മലപ്പുറം ജില്ലാ കോര്‍ഡിനേറ്റര്‍ കൂടിയായ അധ്യാപകൻ ഖാദര്‍ കുട്ടികള്‍ക്കൊപ്പം എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുമ്പിലുണ്ട്. നിര്‍മാണം അവസാനഘട്ടത്തിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ മറ്റ് ആശുപത്രികളിലും ഇവ സ്ഥാപിക്കും. കൊവിഡിന് ശേഷം നഗരസഭയുടെ പരിധിയിലുള്ള വിവിധയിടങ്ങളില്‍ സമാന രീതിയില്‍ ശുചമുറികള്‍ സ്ഥാപിക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.