മലപ്പുറം: ഭിന്നശേഷിയുള്ള സഹപാഠിക്ക് വീടൊരുക്കാന്‍ ഭക്ഷ്യമേള സംഘടിപ്പിച്ച് മൈലാടി അമല്‍ കോളജ് വിദ്യാര്‍ഥികള്‍. കോളജിലെ പാലിയേറ്റീവ് കൂട്ടായ്‌മ, എന്‍എസ്എസ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു മേള ഒരുക്കിയത്. ഹോപ്പ് ഫെസ്റ്റ് എന്ന പേരിലാണ് കനോലിപ്ലോട്ടില്‍ മേള നടക്കുന്നത്. വിദ്യാർഥികളും അധ്യാപകരും കോളജിലെ മറ്റ് ജീവനക്കാരും അവരവരുടെ വീടുകളിൽ ഉണ്ടാക്കിയ വിഭവങ്ങളാണ് സ്റ്റാളുകളിൽ എത്തിച്ചത്.
വൈവിധ്യമാര്‍ന്ന വിഭവങ്ങളുമായി വിദ്യാര്‍ഥികള്‍ ഒരുക്കിയ ഭക്ഷ്യമേള ആസ്വദിക്കാന്‍ നിരവധി യാത്രക്കാരാണ് എത്തുന്നത്. ജെഎസ്എസിന് കീഴിൽ വീട്ടമ്മമാർക്ക് പാചക പരിശീലനം നൽകുന്ന പദ്ധതിയായ ഷീ സ്‌കില്ലിന്‍റെ സ്റ്റാളുകളും മേളയിലുണ്ട്. ലഘുപാനീയങ്ങൾ, വിവിധ തരം ജ്യൂസുകൾ, എണ്ണ പലഹാരങ്ങൾ, പായസങ്ങൾ, ബിരിയാണി, ഇറച്ചിയും കപ്പയും, അപ്പവും കറിയും എന്നിവയാണ് പ്രധാനമായും ഒരുക്കിയിരിക്കുന്ന വിഭവങ്ങൾ.
ഭക്ഷണം കഴിച്ച് മടങ്ങുന്നവര്‍ തങ്ങളാല്‍ കഴിയുന്ന തുക ഫെസ്റ്റിന് നല്‍കുകയാണ് ചെയ്യുന്നത്. മേളയിലൂടെ രണ്ട് ലക്ഷം രൂപയെങ്കിലും കണ്ടെത്താനാണ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ലക്ഷ്യം. ഒരു ദിവസം കൊണ്ട് ഒന്നരലക്ഷം രൂപക്ക് മുകളില്‍ വരുമാനമാണ് ഫെസ്റ്റിലൂടെ ലഭിച്ചത്. കോളജ് രക്ഷാധികാരി പി.വി.അബ്ദുൾ വഹാബ് എംപി മേള ഉദ്ഘാടനം ചെയ്‌തു.