മലപ്പുറം: മലപ്പുറം പാണമ്പ്രയിൽ അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്‌തതിന് സഹോദരിമാരെ നടുറോഡില്‍ മര്‍ദിച്ച് യുവാവ്. പരപ്പനങ്ങാടി സ്വദേശികളും സഹോദിമാരുമായ അസ്‌ന, ഹംന എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. യുവതികളുടെ പരാതിയില്‍ തിരൂരങ്ങാടി സ്വദേശി സി.എച്ച് ഇബ്രാഹിം ഷെബീറിനെതിരെ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു.
ഏപ്രില്‍ 16നാണ് കേസിനാസ്‌പദമായ സംഭവം. കോഴിക്കോട് നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്നു സഹോദരിമാര്‍. ഇതിനിടെ അമിത വേഗതയിലെത്തിയ കാർ ഇടത് വശത്ത് കൂടെ ഓവർടേക്ക് ചെയ്‌തത് യുവതികള്‍ ചോദ്യം ചെയ്‌തു. തുടർന്ന് ഇയാള്‍ ഇവരെ തടഞ്ഞ് നിർത്തി മർദിക്കുകയായിരുന്നു.
ജനക്കൂട്ടത്തിനിടയിൽ വച്ച് യുവാവ് അഞ്ച് തവണയാണ് വാഹനമോടിച്ച അസ്‌നയുടെ മുഖത്തടിച്ചത്. ഇതിന്‍റെ ദൃശ്യം പൊലീസിന് ലഭിച്ചു. മറ്റൊരു യാത്രക്കാരനാണ് മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തിയത്. നട്ടെല്ലിലെ അസുഖത്തിന് ചികിത്സയിലാണ് അസ്‌ന. ഏപ്രില്‍ 23ന് പൊലീസ് ഇവരുടെ മൊഴിയെടുത്തിരുന്നു.
അതേസമയം, തങ്ങളുടെ പരാതിയില്‍ കേസെടുത്തെങ്കിലും പൊലീസിന്‍റെ ഭാഗത്ത് നിന്നും ഒത്തുതീര്‍പ്പിനുള്ള ശ്രമമാണുണ്ടായതെന്നും സ്റ്റേഷന്‍ ജാമ്യത്തില്‍ പ്രതിയെ വിട്ടയച്ചതെന്നും അസ്‌ന ആരോപിച്ചു. എന്നാല്‍ ഈ ആരോപണം പൊലീസ് നിഷേധിച്ചു. യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തതിന് ശേഷം പ്രതിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെന്നും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 323 (മനപൂർവം ദേഹോപദ്രവം ഏല്‍പ്പിക്കല്‍ ), 341 ( അന്യായമായി തടഞ്ഞുവയ്ക്കല്‍) എന്നി വകുപ്പുകളാണ് യുവാവിനെതിരെ എഫ്‌ഐആറിൽ ചുമത്തിയത്. ഇവ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളായതിനാലാണ് യുവാവിനെ വിട്ടയച്ചതെന്നും പൊലീസ് പറഞ്ഞു.