മലപ്പുറം : സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂർണമെന്‍റിൽ സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ കേരളം ഇന്ന് (18-04-2022) ഇറങ്ങും. രാത്രി 8 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ വെസ്റ്റ് ബംഗാളാണ് കേരളത്തിന്‍റെ എതിരാളികൾ. ചാമ്പ്യന്‍ഷിപ്പില്‍ ഓരോ മത്സരങ്ങള്‍ കളിച്ച ഇരുടീമുകളും ഓരോ വിജയം വീതം നേടിയിട്ടുണ്ട്.
ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് രാജസ്ഥാനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് കേരളം. എന്നാല്‍ ഗ്രൂപ്പിലെ കരുത്തരായ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബംഗാളിന്‍റെ വരവ്. ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫ് കേരളത്തിനായി ഹാട്രിക്ക് നേടിയിരുന്നു. നിജോ ഗില്‍ബേര്‍ട്ട്, അജിഅലക്‌സ് എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.
ക്യാപ്റ്റന്‍ ജിജോ തന്നെയാണ് നാളത്തെ മത്സരത്തിന്‍റെയും ശ്രദ്ധാകേന്ദ്രം. സ്‌ട്രൈക്കര്‍മാരായ സഫ്‌നാദും വിക്‌നേഷും കൃത്യമായി ലക്ഷ്യം കണ്ടെത്തിയാൽ കേരളത്തിന് മത്സരം അനായാസമാകും. തിങ്ങിനിറയുന്ന ആരാധക കൂട്ടമാണ് കേരളത്തിന്‍റെ മറ്റൊരു ശക്തികേന്ദ്രം.
അതേസമയം പ്രതിരോധത്തിലൂന്നിയ അറ്റാക്കിങാണ് വെസ്റ്റ് ബംഗാളിന്‍റെ ശക്തി. ആദ്യ മത്സരത്തില്‍ ഗ്രൂപ്പിലെ ശക്തരായ പഞ്ചാബിനെ പരാജയപ്പെടുത്തിയത് ടീമില്‍ ആത്മവിശ്വാസമുണ്ടാക്കിയിട്ടുണ്ട്.
നാളത്തെ മറ്റൊരു മത്സരത്തില്‍ രാജസ്ഥാന്‍ മേഘാലയയെ നേരിടും. വൈകീട്ട് 4.00 മണിക്ക് മലപ്പുറം കോട്ടപ്പടിയിലാണ് മത്സരം. വിജയം സ്വന്തമാക്കി സെമി പ്രതീക്ഷ നിലനിര്‍ത്താനാകും രാജസ്ഥാന്‍ ശ്രമിക്കുക. മേഘാലയയുടെ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരമാണ്. യോഗ്യത മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് സോണ്‍ എ ഗ്രൂപ്പില്‍ ആസാം, അരുണാചല്‍ പ്രദേശ് എന്നിവരെ തകര്‍ത്താണ് മേഘാലയ യോഗ്യത നേടിയത്.