മലപ്പുറം: താനൂരിലെ ഒമ്പത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും മുഖംമിനുക്കാന്‍ പദ്ധതി. രണ്ട് കോടി രൂപ ചെലവിൽ സിഡ്‌ക്കോക്കാണ് നിർമാണ ചുമതല. വി.അബ്ദുറഹ്മാൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക കൊണ്ട് ആറു മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. ഒരു മാസത്തിനുള്ളില്‍ നിര്‍മാണം ആരംഭിക്കും.
താനൂർ പരിധിയിൽ വരുന്ന രായിരിമംഗലം, പരിയാപുരം, അഞ്ചുടി കടപ്പുറം, മുക്കോല താനാളൂർ പഞ്ചായത്തിലെ പകര, മൂലക്കൽ, ഒഴൂർ പഞ്ചായത്തിലെ മണലിപ്പുഴ, എരനെല്ലൂർ, നിറമരുതൂർ പഞ്ചായത്തിലെ കാളാട് എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് പുതുക്കി പണിയുന്നത്. ആരോഗ്യ വകുപ്പിലെ ജീവനക്കാർക്കും രോഗികൾക്കുമായി ആധുനിക സൗകര്യങ്ങളുള്ള കെട്ടിടങ്ങളാണ് ഒരുങ്ങുന്നത്.
ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രഥമ പരിഗണന നൽകിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് വി.അബ്ദുറഹ്മാൻ എം.എൽ.എ പറഞ്ഞു. നിലവിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കാലപ്പഴക്കമുള്ള കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ ചെറിയമുണ്ടത്തെ മൃഗാശുപത്രി കെട്ടിടവും പുതുക്കി പണിയും. ഇതിനും തുക അനുവദിച്ചിട്ടുണ്ട്.