തിരുവനന്തപുരം: കേരളത്തില്‍ റമദാൻ വ്രതത്തിന് തുടക്കമായി. പരപ്പനങ്ങാടി അലുങ്ങൽ ബീച്ചിൽ മാസപ്പിറവി ദൃശ്യമായതോടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. ഉത്തരേന്ത്യയിലും ഞായറാഴ്‌ചയാണ് (03.04.22) റമദാൻ വ്രതം തുടങ്ങുന്നത്.
തമിഴ്‌നാട്ടിലെ പുതുപ്പേട്ടയിൽ മാസപ്പിറവി ദൃശ്യമായതിനെത്തുടർന്ന് തെക്കൻ കേരളത്തിൽ റമദാൻ വ്രതാരംഭമാകുമെന്ന് പാളയം ഇമാം വി.പി ശുഹൈബ് മൗലവിയും കേരള ജംഇയ്യത്തുൽ ജനറൽ സെക്രട്ടറി തൊടിയൂർ കുഞ്ഞുമൗലവിയും അറിയിച്ചിരുന്നു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമദാൻ വ്രതാരാംഭം ഞായറാഴ്‌ച ആയിരിക്കുമെന്ന് മുജാഹിദ് വിഭാഗം വെള്ളിയാഴ്‌ച തന്നെ വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളിലും വ്രതം ആരംഭിച്ചു.
എന്താണ് വ്രതം: ആത്മ സംസ്കരണത്തിന്‍റെയും പുണ്യങ്ങളുടെയും കാലമായാണ് ഇസ്‌ലാം വിശ്വാസികള്‍ ഈ കാലയളവിനെ കാണുന്നത്. പുലര്‍ച്ചെ മുതല്‍ ആരംഭിക്കുന്ന വ്രതാനുഷ്ഠാനം സൂര്യാസ്തമയത്തോടെയാണ് അവസാനിക്കുന്നത്. പകല്‍ സമയം മുഴുവൻ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്ന വിശ്വാസി തന്‍റെ വാക്കും പ്രവൃത്തിയും മനസും മോശമായ പ്രവൃത്തികളില്‍ നിന്നും മാറ്റി നിര്‍ത്തുമ്പോള്‍ മാത്രമേ റമദാൻ വ്രതം പൂര്‍ണമാവുകയുള്ളൂ.
അറിഞ്ഞോ അറിയാതയോ ഒരാള്‍ ചെയ്ത തെറ്റുകള്‍ ദൈവത്തോട് ഏറ്റുപറഞ്ഞ് അവയില്‍ നിന്നുള്ള പശ്ചാത്താപം കൂടിയാണ് റമദാൻ. കഴിഞ്ഞ കാലങ്ങളിൽ വന്നുപോയ വീഴ്ചകളും അരുതായ്മകളും പരിഹരിച്ചു ഒരു പുതിയ മനുഷ്യനായി ഓരോ നോമ്പുകാരനും മാറണം അപ്പോള്‍ മാത്രമാണ് വിശ്വാസം പൂര്‍ണമാവുകയുള്ളൂ.
റമദാൻ മാസം: ഹിജ്റ കലണ്ടര്‍ പ്രകാരം ഒൻപതാമത്തെ മാസമാണ് റമദാൻ. ഖുര്‍ആൻ അവതീര്‍ണമായത് ഈ മാസത്തിലാണ്. എന്നാല്‍ അത് ഏത് ദിവസമാണെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ഖുര്‍ആൻ അവതീര്‍ണമായ രാത്രിയെ ആയിരം രാവുകളേക്കാള്‍ മഹത്വമുള്ളതായി ഖുര്‍ആൻ തന്നെ പരിചയപ്പെടുത്തുന്നു. ഈ ദിവസത്തെയാണ് ലൈലത്തുല്‍ ഖദ്‌ര്‍ അഥവ വിധി നിര്‍ണയത്തിന്‍റെ രാവ് എന്നറിയപ്പെടുന്നത്.
അതുകൊണ്ട് തന്നെ റമദാന്‍റെ രാത്രികളും പകല്‍ പോലെ വിശുദ്ധമായി വിശ്വാസികള്‍ കാണുന്നു. പകല്‍ അന്നപാനീയങ്ങളും മോശമായ വാക്കും ഉപേക്ഷിക്കുന്നതിന് തുല്യമായി എല്ലാ തിന്മകളില്‍ നിന്നും വിട്ടകന്ന് രാത്രികളില്‍ ഖുര്‍ആൻ പാരായണം വര്‍ധിപ്പിച്ചും കൂടുതല്‍ നമസ്കാരം നിര്‍വഹിച്ചും വിശ്വാസികള്‍ പള്ളികളില്‍ കഴിച്ചു കൂട്ടും. കഴിഞ്ഞ വര്‍ഷം കൊവിഡ് പശ്ചാത്തലത്തില്‍ വിശ്വാസികള്‍ വീടുകള്‍ തന്നെ പള്ളികളാക്കി മാറ്റുകയായിരുന്നു.