മലപ്പുറം: നിലമ്പൂരില്‍ പിടികൂടിയ ക്വട്ടേഷൻ സംഘം എത്തിയത് തന്നെ വധിക്കാനെന്ന് പിവി അൻവർ എംഎല്‍എ. കൊലപാതക ശ്രമത്തെ കുറിച്ച് മുഖ്യമന്ത്രിക്ക് പിവി അൻവർ പരാതി നല്‍കി. കണ്ണൂരില്‍ നിന്നുള്ള നാലംഗ അംഗ ക്രിമിനല്‍ സംഘത്തെ നിലമ്പൂരിലെത്തിച്ചത് ആർഎസ്എസ് നേതാവായ മുരുകേശ് നരേന്ദ്രനാണന്നും പിവി അൻവർ എംഎൽഎ ഇടിവി ഭാരതിനോട് വെളിപ്പെടുത്തി. നിലമ്പൂരിലെത്തിയ ക്രിമിനല്‍ സംഘം മറ്റൊരു സംഘവുമായുള്ള തര്‍ക്കത്തിനിടെ പൂക്കോട്ടു പാടം പൊലീസിന്‍റെ പിടിയിലായതായി പിവി അൻവർ പറഞ്ഞു.
വിപിന്‍, അഭിലാഷ്, ജിഷ്ണു, ലിനേഷ് എന്നിവരാണ് പിടിയിലായത്. കൊലപാതകം അടക്കം 20 ഓളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് പിടിയിലായ വിപിൻ എന്ന് എംഎല്‍എ പറയുന്നു. മുരുകേശ് നരേന്ദ്രനെ കൂട്ടുപിടിച്ച് മറ്റ് ചിലരാണ് തന്നെ കൊല്ലാൻ ശ്രമിക്കുന്നതെന്നും എംഎല്‍എ ആരോപിച്ചു. മുരുകേശ് നരേന്ദ്രൻ വ്യക്തിവൈരാഗ്യത്താല്‍ തന്നെ കൊല്ലുമെന്ന് പറഞ്ഞിരുന്നതായും പിവി അൻവർ വെളിപ്പെടുത്തി. പിടിയിലായ ക്രിമിനലുകൾക്ക് കോൺഗ്രസ് നേതാക്കൾ ഇടപെട്ട് ജാമ്യം നേടിക്കൊടുത്തതായും പിവി അൻവർ എംഎല്‍എ ആരോപിച്ചു.