മലപ്പുറം: ലോക്ക് ഡൗണ്‍ കാലത്ത് പലരും പൊലീസിന് നല്‍കുന്നത് വില്ലന്‍ പരിവേഷമാണ്. എവിടെ കണ്ടാലും കൈയോടെ പൊക്കുന്ന പൊലീസ് നടപടി കടുപ്പമെന്നാണ് പലരുടേയും പക്ഷം. പക്ഷേ ഈ ദുരിതകാലത്ത് ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി ഉറക്കമിളയ്ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ പലരും തിരിച്ചറിയുന്നില്ലെന്നാണ് വസ്തുത. കരുതലിന്‍റെ കാർക്കശ്യമാണ് പൊലീസുകാരുടേതെന്ന് തെളിയിക്കുന്ന മറ്റൊരു സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
also read: 'നല്ല ഭാവി വന്നീടുവാൻ നാമൊന്നായ്'... കൊവിഡ് ബോധവത്കരണവുമായി കേരള പൊലീസിന്‍റെ നൃത്താവിഷ്കാരം
മലപ്പുറം പാണ്ടിക്കാടാണ് സംഭവം. പതിവ് പരിശോധനയ്‌ക്കിടെ ട്രിപ്പിള്‍ ലോക്ക് ഡൗണിലുള്ള മേഖലയില്‍ ബൈക്കില്‍ ഫോണ്‍ ചെയ്തുകൊണ്ട് ഒരു യുവാവ് വരുന്നു. കൈകാട്ടി നിര്‍ത്തിയ പൊലീസ് എന്താണ് പ്രശ്‌നം എന്ന് ചോദിച്ചു. സഹോദരിയുടെ ഓപ്പറേഷന് രക്തം വേണം എന്നായിരുന്നു മറുപടി. കാര്യത്തിന്‍റെ ഗൗരവം മനസിലാക്കിയ സർക്കിള്‍ ഇൻസ്‌പെക്ടർ അമൃതരംഗന്‍ യുവാവിനെയും കൂട്ടി തന്‍റെ ഔദ്യോഗിക വാഹനത്തില്‍ പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കിലെത്തി രക്തം വാങ്ങി അതിവേഗം ആശുപത്രിയില്‍ എത്തിച്ചു.
സംഭവം കേരള പൊലീസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ നിരവധിപ്പേരാണ് സിഐ അമൃതരംഗനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇന്നത്തെ കയ്യടി ഇദ്ദേഹത്തിന് കൊടുക്കാം എന്ന തലക്കെട്ടോടെയാണ് ഈ വാര്‍ത്ത പലരും പങ്കുവയ്ക്കുന്നത്.