മലപ്പുറം: നിലമ്പൂർ എം.എൽ.എ ഓഫീസിന് സമീപം താമസിക്കുന്ന തെക്കേപ്പുറം ഭണ്ഡപാണി (72) മരണം കൊലപാതകമെന്ന് തെളിഞ്ഞു. കേസിൽ സുഹൃത്തായ നിലമ്പൂർ കല്ലേമ്പാടം ചെറുവത്ത് കുന്ന് വീട്ടിൽ ചന്ദ്രൻ (51) അറസ്റ്റിലായി. പ്രതിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
ജനുവരി 28 രാത്രിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. പണം അപഹരിക്കാനും ദണ്ഡപാണിയോടുള്ള വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും മൊഴിയിൽ പറയുന്നു. വീടിനോട് ചേർന്ന ബക്കറ്റിനടിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ചാണ് തെളിവെടുപ്പിനെത്തിച്ചപ്പോൾ ചന്ദ്രൻ വീട് തുറന്നത്. ദണ്ഡപാണിയുടെ മരണശേഷവും ഇയാൾ പല പ്രാവശ്യം വീട്ടിലെത്തിയിരുന്നുവെന്നും ഇയാൾ ഒരു ദിവസം വീട്ടിൽ താമസിച്ചതായും മൊഴിയിൽ പറയുന്നു.
കൊലപാതകം നടക്കുന്നതിന് രണ്ട് ദിവസം മുൻപ് വീടിന് പിന്നിലെ മാവിൽ നിന്നും മാങ്ങ പറിച്ച് മകന് നൽകാൻ ചന്ദ്രനോട് ദണ്ഡപാണി ആവശ്യപ്പെട്ടിരുന്നു. താൻ വീട്ടിലുള്ള സമയത്താണ് മാങ്ങ പറിക്കാൻ ആവശ്യപ്പെട്ടതെങ്കിലും ദണ്ഡപാണി വീട്ടിൽ ഇല്ലാത്ത സമയത്താണ് മാങ്ങ പറിച്ചത്. ദണ്ഡപാണി ഇത് ചോദ്യം ചെയ്‌തത് ചന്ദ്രന് ഇഷ്‌ടമായില്ല.
ചന്ദ്രനോട് രണ്ട് ദിവസം കഴിഞ്ഞ് വന്നാൽ മതിയെന്ന് ദണ്ഡപാണി പറയുകയും തന്നെ ഒഴിവാക്കുകയാണെന്ന് തിരിച്ചറിഞ്ഞ ചന്ദ്രൻ ദണ്ഡപാണിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് മൊഴി. 13 ദിവസങ്ങൾക്ക് ശേഷം ഫെബ്രുവരി 13നാണ് ദണ്ഡപാണിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്ന് ദുർഗന്ധം ഉണ്ടാകാതിരിക്കാൻ മണ്ണെണ്ണയും ഒഴിച്ചിരുന്നു. പ്രതിയെ എടക്കരയിൽ എത്തിച്ചും പൊലീസ് തെളിവെടുപ്പ് നടത്തി.