മലപ്പുറം: സുരക്ഷിതമായി താമസിക്കാൻ ഒരു വീടെന്ന സ്വപ്നവുമായി അധികൃതരുടെ കനിവിനായി കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി വഴിക്കടവ് പഞ്ചായത്തിൽ കയറിയിറങ്ങുകയാണ് ഒരു കുടുംബം. വഴിക്കടവ് പഞ്ചായത്തിൽ വെട്ട്‌കത്തി കോട്ടയിലെ നാല് സെന്‍റ് കോളനിയിൽ താമസിക്കുന്ന പുളിമൂട്ടിൽ സൈനുദ്ദീനും ഭാര്യം സുഹറയുമാണ് വീടിനായി അലയുന്നത്.സൈനുദ്ദീന് മൂന്ന് ആൺമക്കളുണ്ടെന്ന കാരണം പറഞ്ഞാണ് വീട് നിഷേധിക്കുന്നത് എന്നാല്‍ ആണ്‍മക്കള്‍ കല്യാണം കഴിച്ചശേഷം സ്വന്തം വീട് നിര്‍മിച്ച് താമസം മാറി. അതോടെ സൈനുദ്ദീനും സുഹറയും വീട്ടില്‍ തനിച്ചായി.
മൺകട്ട കൊണ്ട് നിർമിച്ച ഏതു സമയത്തും പൊളിഞ്ഞു വീഴാവുന്ന വീട്ടിലാണ് സൈനുദ്ദീനും ഭാര്യം സുഹറയും താമസിക്കുന്നത്. സ്വന്തമായൊരു വീട് നിര്‍മിക്കാൻ ശ്രമം ആരംഭിച്ചതിന് ശേഷം വഴിക്കടവില്‍ ആറ് തെരഞ്ഞെടുപ്പ് നടക്കുകയും ആറ് പുതിയ മെമ്പര്‍മാര്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. എന്നാല്‍ അവര്‍ക്കാര്‍ക്കും ഒരു പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ല.
ഇപ്പോള്‍ താമസിക്കുന്ന വീടിന്‍റെ മേൽകൂര തകർന്ന നിലയിലാണ്. ചുമരുകൾ പല സ്ഥലങ്ങളിലായി വിണ്ട് കീറിയ സ്ഥിതിയിലാണ്. മഴ പെയ്‌താൽ പ്രശ്‌നം ഗുരുതരമാകും. കാലപഴക്കം കൊണ്ട് പട്ടികയും കഴുക്കോലും ചിതലെടുത്ത് ജീർണാവസ്ഥയിലാണ്. ജീവൻ പണയം വെച്ചാണ് ഇവര്‍ വീട്ടിൽ കഴിയുന്നത്. നാല് സെന്‍റ് ഭൂമി സര്‍ക്കാരില്‍ നിന്ന് അനുവദിച്ച് കിട്ടിയിട്ടുണ്ട്. റോഡിനായി അല്‍പ്പം സ്ഥലം വിട്ടുകൊടുത്തതിനാൽ ബാക്കിസ്ഥലം മാത്രമാണ് സ്വന്തമായുള്ളത്. ലോക്ക് ഡൗണ്‍ ആയതോടെ തൊഴിലുറപ്പ് തൊഴിലാളിയായ സുഹറയ്‌ക്കും, വീടുകളിലെത്തിയ തുണിക്കച്ചവടം നടത്തുന്ന സൈനുദ്ദീനും വരുമാനവും മുടങ്ങിയ അവസ്ഥയാണ്. സ്വന്തമായി ഒരു വീടെങ്കിലും നിര്‍മിക്കാനായാള്‍ അത്രയും ആശ്വസമാണെന്നാണ് സൈനുദ്ദീനും സുഹറയും പറയുന്നത്.