മലപ്പുറം: ആമസോണ്‍ നദീ തടങ്ങളില്‍ കണ്ടുവരുന്ന ആനത്താമരയടക്കം പുതിയ രൂപത്തിലും ഭാവത്തിലും നിലമ്പൂരിലെ തേക്ക് മ്യൂസിയം ബുധനാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. കൊവിഡ് വ്യാപനം തുടങ്ങുന്നതിന്‍റെ മുന്നോടിയായി കഴിഞ്ഞ മാര്‍ച്ച് 15നാണ് മ്യൂസിയവും അതിനോടനുബന്ധിച്ചുള്ള ജൈവ വൈവിധ്യ ഉദ്യാനവും അടച്ചിട്ടത്.
കഴിഞ്ഞ ഒന്നാം തീയതി പാര്‍ക്കുകളും ബീച്ചുകളും തുറക്കാമെന്ന് സര്‍ക്കാരിന്റെ ഉത്തരവ് വന്നിരുന്നെങ്കിലും ജില്ലയില്‍ 144 പ്രഖ്യാപിച്ചിരുന്നതിനാല്‍ മ്യൂസിയം തുറക്കാനുള്ള അനുമതി ലഭിച്ചിരുന്നില്ല. കഴിഞ്ഞ 15ന് 144 പിന്‍വലിച്ചതിനാല്‍ കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ മ്യൂസിയം തുറക്കാനുള്ള ഉത്തരവ് പുറത്തിറക്കുകയായിരുന്നു. എട്ടുമാസത്തിന് ശേഷമാണ് തേക്ക് മ്യൂസിയം ബുധനാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്.
ഓരോ മാസവും ശരാശരി 10 ലക്ഷം രൂപയാണ് മ്യൂസിയത്തില്‍ നിന്ന് വരുമാനമുണ്ടായിരുന്നത്. അനത്താമരയാണ് കേന്ദ്രത്തിലെ പ്രധാന ആകര്‍ഷണം. പച്ച നിറത്തില്‍ വലിയ വട്ടത്തിലുള്ള ഇതിന്റെ ഇലകളില്‍ അഞ്ച് കിലോയുള്ള കുട്ടികളെ ഇരുത്താനാവും. ഇലയുടെ അടിഭാഗം മുഴുവന്‍ മുള്ളുകളാണ്.
സാധാരണ താമരപ്പൂക്കള്‍ വിരിഞ്ഞാല്‍ കൂടുതല്‍ ദിവസം നിലനില്‍ക്കുമെങ്കില്‍ ആനത്താമരയുടെ പൂക്കള്‍ ഒരു ദിവസം മാത്രമാണ് നില്‍ക്കുക. രാവിലെ വിരിയുമ്പോള്‍ വെള്ള നിറത്തിലുള്ള പൂക്കളുടെ ഇതളുകള്‍ വൈകുന്നേരത്തോെട പിങ്ക് നിറത്തിലേക്ക് മാറും. ഇലകളാണെങ്കില്‍ ആദ്യം കടും ചുവപ്പില്‍ തുടങ്ങി വളര്‍ച്ചയെത്തുമ്പോള്‍ പച്ച നിറമായി മാറും.
തിരുവനന്തപുരത്തെ ജവഹര്‍ലാല്‍ നെഹ്‌റു ബോട്ടാനിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ടിലും ബെംഗളൂരുവിലും നിലമ്പൂരിലും മാത്രമാണ് ഇത്തരത്തിലുള്ള ആനത്താമരയുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. വലിയൊരു ആദിവാസി മുത്തശിയുടെ പ്രതിമയും ഇവിടെ നിര്‍മിച്ചിട്ടുണ്ട്. ചിതറിക്കിടക്കുന്ന മുടിയും വലിയ കമ്മലുമെല്ലാം ശില്‍പ്പത്തിന് ചാരുത പകരുന്നുണ്ട്.
പാര്‍ക്കില്‍ ചിത്രശലഭങ്ങള്‍ക്കായി പ്രത്യേക ഇടം തന്നെയുണ്ട്. ഓരോ മേഖലയും പ്രത്യേകം ചെടികള്‍ക്കായി നീക്കിവെച്ചിരിക്കുകയാണ്. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 15 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ 10 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കും പ്രവേശനം അനുവദിക്കുന്നില്ല.