മലപ്പുറം: നാർകോട്ടിക് ജിഹാദ് വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎമ്മിന് ഈ വിഷയത്തിൽ നിഗൂഢ ലക്ഷ്യമുണ്ടോയെന്ന് സംശയിക്കുന്നു. അത്തരത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണങ്ങളെന്ന് സതീശൻ കുറ്റപ്പെടുത്തി. വിഷയത്തിൽ കോൺഗ്രസ് കക്ഷി ചേരുന്നില്ലെന്നും ഇരുകൂട്ടരോടും സംയമനം പാലിക്കാനാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് വിഭാഗങ്ങളെയും തമ്മിലടിപ്പിക്കാനുള്ള ശ്രമം തടയണം. അതിന് പ്രതിപക്ഷത്തിന്‍റെ പൂർണ പിന്തുണ ഉണ്ടാകും. ഒരു വിഭാഗത്തിന് പരാതി ഉണ്ടെങ്കിൽ സർക്കാർ അന്വേഷിക്കണം. രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമത്തിന് പിന്നിൽ സംഘ പരിവാർ അജണ്ടയെന്ന് സംശയിക്കുന്നുവെന്നും വി.ഡി സതീശൻ.
വ്യാജ ഐഡിയുണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളിലുടെ വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ സർക്കാർ നോക്കു കുത്തിയാകുന്നു. വിരോധവും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങളെ ചെറുക്കണമെന്നും ഇതിനായി സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
READ MORE: നാര്‍ക്കോട്ടിക് ജിഹാദ്; പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത