മലപ്പുറം: മുസ്‌ലിം ലീഗിനെതിരെ സിപിഎം ഉന്നയിക്കുന്നത് പഴകി പുളിച്ച ആരോപണങ്ങളാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ആരോപണങ്ങള്‍ യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും പി.എം.എ സലാം പറഞ്ഞു.
ആര് ശ്രമിച്ചാലും മുസ്‌ലിം ലീഗിന്‍റെ മതേതര മുഖം തകര്‍ക്കാനാകില്ല. ന്യൂനപക്ഷങ്ങള്‍ സര്‍ക്കാരിന്‍റെ ദുരുദ്ദേശം മനസിലാക്കിയതിന്‍റെ ജാള്യതയാണ് സര്‍ക്കാരിന്. വ്യാജ ആരോപണങ്ങളിലൂടെ ലീഗിനെ തളര്‍ത്താനാകില്ല. വഖഫ് വിഷയത്തിലെ നിലപാടില്‍ വര്‍ഗീയത ആരോപിക്കുന്നത് ഭിന്നിപ്പിക്കാന്‍ ബോധപൂര്‍വമുള്ള ശ്രമമാണെന്നും പി.എം.എ സലാം ആരോപിച്ചു.
മുസ്‌ലിം സമുദായത്തെ അപരവല്‍ക്കരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പള്ളികള്‍ രാഷ്ട്രീയ ആവശ്യത്തിന് വേദിയാക്കാന്‍ ലീഗ് ശ്രമിച്ചിട്ടില്ല. വഖഫ് വിഷയത്തില്‍ പള്ളികളില്‍ ബോധവല്‍ക്കരണം നടത്താനായിരുന്നു തീരുമാനം. പള്ളികള്‍ പ്രതിഷേധ വേദിയാക്കാന്‍ ആഹ്വാനം നല്‍കി എന്നത് തെറ്റായ പ്രചാരണമാണെന്നും അദ്ദഹം പറഞ്ഞു.
വസ്ത്രം ഏകീകരിച്ചതുകൊണ്ട് ആണ്‍ പെണ്‍ സമത്വം സാധ്യമാകില്ല. ആണ്‍കുട്ടികളുടെ വസ്ത്രം പെണ്‍കുട്ടികളെ ധരിക്കാന്‍ നിര്‍ബന്ധിച്ചാല്‍ അത് സമത്വമാകില്ല. അങ്ങനെയെങ്കില്‍ പെണ്‍കുട്ടികളുടെ വസ്ത്രം ആണ്‍കുട്ടികള്‍ക്ക് കൊടുക്കട്ടെയെന്നും സലാം പറഞ്ഞു.
മോദി കേന്ദ്രത്തില്‍ നടത്തുന്ന രാഷ്ട്രീയമാണ് കേരളത്തില്‍ പിണറായി പിന്തുടരുന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പുറത്തു വരാതിരിക്കാന്‍ കൂടിയാണ് ലീഗിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും പി.എം.എ സലാം പറഞ്ഞു.
Also read: ജമാഅത്തെ ഇസ്‌ലാമിയുടെ ആത്മാവ് പേറുന്ന ലീഗ്: 'പച്ച വര്‍ഗീയത' ആവര്‍ത്തിച്ച് കോടിയേരി