മലപ്പുറം: മഞ്ചേരിയില്‍ 26 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പിടിയില്‍. തൂവ്വാര്‍ സ്വദേശി മുഹമ്മദ് കബീറാണ് ജില്ലാ ആന്‍റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡിന്‍റെ പിടിയിലായത്. മലപ്പുറം ജില്ലയിലെ ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ നിന്നാണ് ഇയാള്‍ മദ്യം വാങ്ങിയിരുന്നത്. ഒന്നാം തീയതി ബിവറേജ് ഔട്ട്‌ലെറ്റുകൾ ഒഴിവായതിനാല്‍ അന്ന് വില്‍പ്പന നടത്തുന്നതിനായി പ്രതി മദ്യം ശേഖരിച്ച് വെക്കുകയായിരുന്നു. 350 രൂപക്ക് ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്നും വാങ്ങുന്ന മദ്യം 550 രൂപക്കാണ് പ്രതി വില്‍പ്പന നടത്തിയിരുന്നത്.
മഞ്ചേരിയില്‍ അനധികൃതമായി മദ്യ വില്‍പ്പന നടക്കുന്നെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീമിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇയാള്‍ ഒരാഴ്‌ചയായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. മദ്യം കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിന്‍റെ പിന്‍വശത്തെ സ്‌പീക്കര്‍ ബോക്‌സിലും വലിയ ബിഗ്‌ഷോപ്പറിലുമായാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്‌തു.
കഴിഞ്ഞ ആഗസ്റ്റില്‍ 30 ലിറ്റര്‍ വിദേശമദ്യവുമായി തിരുവാലി സ്വദേശിയെ മഞ്ചേരിയില്‍ വച്ച് ആന്‍റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയിരുന്നു. ബിവറേജുകള്‍ കേന്ദ്രീകരിച്ച് ഇത്തരത്തില്‍ മദ്യ വില്‍പ്പന നടത്തുന്ന നിരവധി സംഘങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ.എസ്.പി പി.പി. ഷംസിന്‍റെ നിര്‍ദേശ പ്രകാരം മഞ്ചേരി സി.ഐ അവലി, എസ്.ഐമാരായ സുമേഷ് സുധാകർ, ഉമ്മർ മേമന എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്.