മലപ്പുറം: യുവതിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച ശേഷം സ്വർണാഭരണങ്ങൾ തട്ടിയെടുത്ത് ഒളിവിൽ പോയ പ്രതിയെ 9 വർഷങ്ങൾക്കു ശേഷം പൊലീസ് അറസ്റ്റ് ചെയ്‌തു. വടക്കാഞ്ചേരി പാർലിക്കോട് സ്വദേശി കൊട്ടിലിങ്ങൽ റഷീദിനെയാണ് എടക്കര പൊലീസ് ഇൻസ്പെക്ടർ മഞ്ജിത് ലാലിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
2012ലായിരുന്നു കേസിനാസ്‌പദമായ സംഭവം. ഇതിന് ശേഷം ഒളിവിൽ പോയ പ്രതിക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഇയാളെ പിടികൂടാൻ നിലമ്പൂർ ഡിവൈഎസ്‌പി സാജു കെ അബ്രഹാമിൻ്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ റഷീദിനെ ജോലി ചെയ്യുന്ന വടക്കാഞ്ചേരി ആറ്റൂരിലുള്ള സോഫാ നിർമ്മാണ കമ്പനിയിൽ വച്ച് കഴിഞ്ഞ ദിവസം രാത്രി 11.00 മണിയോടെ പൊലീസ് പിടികൂടുകയായിരുന്നു.
ALSO READ : കാഞ്ഞൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിവീഴ്‌ത്തി; പ്രതികൾ ഒളിവിൽ
പ്രതിക്കെതിരെ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ മറ്റൊരു പീഡന കേസും നിലവിലുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്ഐ എം അസ്സൈനാർ, അഭിലാഷ് കൈപ്പിനി, ആസിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്.