മലപ്പുറം: സ്വന്തം കുടുംബത്തിനും നാടിനും വേണ്ടി വിദേശങ്ങളില്‍ അധ്വാനിക്കുന്ന പ്രവാസികള്‍ കൊവിഡ് തീര്‍ത്ത അപ്രതീക്ഷിത പ്രതിസന്ധിയില്‍ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. തൊഴിലില്ലാതെ അന്യ നാടുകളില്‍പെട്ടുപോയവര്‍ക്ക് നാട്ടിലുള്ള കുടുംബത്തിന്‍റെ ക്ഷേമം ഉറപ്പാക്കാനാവുന്നില്ല. ഈ സാഹചര്യത്തില്‍ സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഭക്ഷണ വിതരണ സ്ഥാപനമായ മലയില്‍ ഗ്രൂപ്പിന്‍റെ മലയില്‍ ചാരിറ്റി.
പ്രവാസി കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യ വിഭവങ്ങള്‍ തികച്ചും സൗജന്യമായി മലയില്‍ ഗ്രൂപ്പ് എം.ഡി. ഗദ്ദാഫിയുടെ നേതൃത്വത്തില്‍ എത്തിച്ചു നല്‍കുന്നു. ആദ്യ ഘട്ടത്തില്‍ കോഡൂര്‍ ഗ്രാമ പഞ്ചായത്തിലാണ് പദ്ധതി പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. പ്രതിസന്ധിയിലായ പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് മലയില്‍ ഗ്രൂപ്പ് ഒരുക്കിയ വാട്‌സ് ആപ്പ് നമ്പറുകളിലൂടെ ബന്ധപ്പെടാം. ആവശ്യമായ സാധനങ്ങളെല്ലാം ഇവര്‍ എത്തിച്ച് നല്‍കുന്നു.