മലപ്പുറം: സംസ്ഥാനത്ത് കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദനം ലക്ഷ്യമിട്ട് ഡാമുകളിലടക്കം സൗരോര്‍ജ പ്ലാന്‍റുകള്‍ സ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ജില്ലയിലെ വൈദ്യുതി സംബന്ധമായ പരാതികള്‍ കേള്‍ക്കുന്നതിനും സമയബന്ധിതമായി പരിഹാരം കാണുന്നതിനുമായി മലപ്പുറം ടൗണ്‍ ഹാളില്‍ ഒരുക്കിയ ജനകീയ വൈദ്യുതി അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജല വൈദ്യുത നിലയങ്ങളുടെയും താപ നിലയങ്ങളുടെയും ശേഷി വര്‍ധിപ്പികുന്നതിന് പരിമിതികള്‍ ഏറെയാണ്. ബാണാസുര സാഗര്‍ അണക്കെട്ടില്‍ സ്ഥാപിച്ചതുപോലെ ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന സോളാര്‍ നിലയങ്ങളാണ് ലക്ഷ്യമാക്കുന്നത്. ഇതിനായി ഇടുക്കി ഡാമിലടക്കം സാധ്യതാ പഠനങ്ങള്‍ നടക്കുകയാണ്. പാലക്കാടും ഇടുക്കിയിലും സ്ഥാപിച്ച് വിജയം കണ്ട കാറ്റാടി യന്ത്രങ്ങള്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മാലിന്യങ്ങളില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ നടന്ന് വരികയാണെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം നിലവിലെ ജല വൈദ്യുത പദ്ധതികള്‍ ശക്തിപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ട് പോകും. സര്‍ക്കാരിന്‍റെ പ്രഖ്യാപനങ്ങളിലൊന്നായ സമ്പൂര്‍ണ വൈദ്യുതീകരണം സംസ്ഥാനത്ത് നടപ്പിലാക്കിയതായും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തൊട്ടാകെ വൈദ്യുതി സംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിനായി വൈദ്യുതി മന്ത്രി എം.എം മണിയുടെ നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ നടക്കുന്ന എട്ടാമത് ജനകീയ വൈദ്യുതി അദാലത്താണ് മലപ്പുറത്ത് സംഘടിപ്പിച്ചത്. പ്രോപ്പര്‍ട്ടി ക്രോസിങ്, മരംമുറി, നഷ്ടപരിഹാരം, ഫോറസ്റ്റ് ക്ലിയറന്‍സ്, സര്‍വീസ് കണക്ഷന്‍, ലൈന്‍/പോസ്റ്റ് മാറ്റി സ്ഥാപിക്കല്‍, വൈദ്യുതി ബന്ധം വിഛേദിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍, മീറ്റര്‍ കേടുവന്നത് സംബന്ധമായ പരാതികള്‍, കുടിശിക നിവാരണം, റവന്യൂ റിക്കവറി, വോള്‍ട്ടേജ് ക്ഷാമം, വൈദ്യുതി ദുരുപയോഗം, ഉടമസ്ഥാവകാശം മാറ്റല്‍, കേബിള്‍ ടി.വി ലൈന്‍ തര്‍ക്കങ്ങള്‍, സുരക്ഷാ സ്റ്റാറ്റിയൂട്ടറി ക്ലിയറന്‍സ് പ്രശ്നങ്ങള്‍ തുടങ്ങി വൈദ്യുതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പരാതികളുമാണ് അദാലത്തില്‍ തീര്‍പ്പാക്കിയത്. പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ മുഖ്യാതിഥിയായി. എം.എല്‍.എമാരായ ടി.വി ഇബ്രാഹിം, ടി.എ അഹമ്മദ് കബീര്‍, സി.മമ്മൂട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.