മലപ്പുറം: ഒരു എ ഫോര്‍ പേപ്പര്‍. 24 ഗണിത ശാസ്‌ത്രജ്ഞരുടെ പോര്‍ട്രെയിറ്റുകള്‍. തിരൂരങ്ങാടി കൊടിഞ്ഞി തിരുത്തി സ്വദേശി ശിബ്‌ല ഷെറിൻ സ്വന്തമാക്കിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സും ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സുമാണ്.
പാട്ടശ്ശേരി ശംസുദ്ദീൻ-ഹാജറ ദമ്പതികളുടെ മകളാണ് ശിബ്‌ല ഷെറിൻ. നേരത്തെ ചെറിയ രീതിയിൽ വരക്കുമായിരുന്നെങ്കിലും വരയിൽ കൂടുതൽ ശ്രദ്ധിക്കുന്നത് ലോക്ക്‌ഡൗൺ സമയത്താണ്. ഇതിനിടെ പലർക്കും പല റെക്കോഡുകളും ലഭിച്ചത് കണ്ടപ്പോള്‍ മനസില്‍ തോന്നിയ ആഗ്രഹമാണ് ശിബ്‌ലയെ ഒടുവിൽ ഈ അംഗീകാരത്തിൽ എത്തിച്ചത്.
പോര്‍ട്രെയിറ്റുകളിലൂടെ റെക്കോഡ്‌സിലേക്ക്
ലോകത്തെ പ്രശസ്‌തരായ ഗണിത ശാസ്‌ത്രജ്ഞരുടെ മിനിയേച്ചർ പോര്‍ട്രെയിറ്റുകള്‍ വരച്ചാണ് റെക്കോഡ്‌സില്‍ ഇടം പിടിച്ചത്. പെൻസിലും കളർ പെൻസിലും ഉപയോഗിച്ചാണ് ചിത്രം വരച്ചത്. ആറ് മണിക്കൂർ കൊണ്ട് ചിത്രം പൂര്‍ത്തിയാക്കി.
തെയ്യല എസ്എസ്എം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു. സുഹൃത്താണ് ചിത്രം റെക്കോഡിനായി അയച്ചു കൊടുത്തത്. അംഗീകാരം ലഭിച്ചതോടെ അധ്യാപകരും ബന്ധുക്കളും അടക്കം നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയത്.
ഇനി ലക്ഷ്യം ഗിന്നസ് റെക്കോഡ്
യൂട്യൂബിന്‍റെ സഹായത്തോടെയാണ് ചിത്രം വര പഠിച്ചത്. ഇപ്പോൾ ആളുകളുടെ ഫോട്ടോ നോക്കി അതേപടി മനോഹരമായ ചിത്രങ്ങൾ വരച്ചു നൽകും ശിബ്‌ല. ഗിന്നസ് റെക്കോഡിൽ ഇടം നേടണമെന്ന ആഗ്രഹം ബാക്കിയാണ്. ഭാവിയിൽ ഒരു മാത്തമാറ്റിക്‌സ് പ്രൊഫസർ ആകണമെന്നതാണ് ശിബ്‌ലയുടെ സ്വപ്‌നം.
Also read: ഇത്തിത്താനത്തിന് പെരുമ നല്‍കിയ കാളവണ്ടിച്ചക്രങ്ങള്‍ വീണ്ടുമുരുളും ; വീണ്ടെടുത്ത് ജോയ്‌സ്