മലപ്പുറം: നഗരസഭയിൽ ഇന്ന് മുതൽ മത്സ്യ- മാംസ ചന്തകള്‍ തുറന്ന് പ്രവർത്തിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ്. ഒരാഴ്ചക്ക് ശേഷം സ്ഥിതി വിലയിരുത്താനും നഗരസഭയിൽ നടന്ന നിരീക്ഷണ സമിതി യോഗം തീരുമാനിച്ചു. തൊഴിലാളികളിൽ ചിലർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ മാസം 23ന് ചന്തകള്‍ അടച്ചത്.
ചിക്കൻ സ്റ്റാളുകൾ മാത്രമാണ് തുറന്ന് പ്രവർത്തിച്ചിരുന്നത്. മത്സ്യ- മാംസ ചന്തകളില്‍ എത്തുന്നവരുടെ മുഴുവൻ അഡ്രസും ഫോൺ നമ്പറും രേഖപ്പെടുത്തണം. കൂടാതെ ഉടമകളും തൊഴിലാളികളും ഓരോ ദിവസവും ചന്തയുമായി ബന്ധപ്പെട്ട സമയവും സ്ഥലങ്ങളും രേഖപ്പെടുത്തണമെന്നും ചെയർപേഴ്‌സൺ അറിയിച്ചു.
നഗരസഭ പരിധിയിൽ അലഞ്ഞ് നടക്കുന്ന ഇരുപത്തിയഞ്ചോളം അന്തേവാസികളെ നഗരസഭയുടെ പഴയ കെട്ടിടത്തിന്‍റെ മുകളിലെ ഹാളിലേക്ക് മാറ്റും. ഇവർക്ക് ആവശ്യമായ കിടക്ക, തലയണ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും. ചന്തകള്‍ ഇന്നു മുതൽ തുറക്കുന്നതിനാൽ തൊഴിലാളികൾക്കുള്ള കിറ്റ് വിതരണം നിര്‍ത്തി. കൊവിഡ് വ്യാപനമുണ്ടായാൽ ചന്തകൾ വീണ്ടും അടച്ചിടാനുള്ള സാധ്യത തള്ളികളയാനാവില്ലെന്നും ചെയർപേഴ്‌സൺ പറഞ്ഞു.