മലപ്പുറം: വികസനത്തിന് വോട്ടു തേടിയാണ് ചാലിയാര്‍ പഞ്ചായത്തില്‍ ഇത്തവണ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. ഭരണ തുടർച്ച ഉറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.ടി ഉമ്മർ അവകാശപ്പെടുമ്പോള്‍ ഭരണം തിരിച്ചുപിടിക്കുമെന്നാണ് യുഡിഎഫിന്‍റെ കല്ലട കുഞ്ഞുമുഹമ്മദിന്‍റെ വെല്ലുവിളി. 14 വാര്‍ഡുകളില്‍ 12 ഉം എല്‍ഡിഎഫ് നേടുമെന്ന് ഉമ്മര്‍ പറയുന്നു.
സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങളും കഴിഞ്ഞ അഞ്ച് വർഷത്തെ പഞ്ചായത്ത് ഭരണവും മാത്രം മതി ജന പിന്തുണ ഉറപ്പാക്കാന്‍. സര്‍ക്കാരിന്‍റെ ക്ഷേമ നടപടികള്‍, പഞ്ചായത്തിൽ ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങൾ എന്നിവ എല്ലാ വിഭാഗം ജനങ്ങളും അംഗീകരിച്ചതാണ്. പട്ടികവർഗ വിഭാഗത്തിനാണ് ചാലിയാർ പഞ്ചായത്തില്‍ അധ്യക്ഷ സ്ഥാനം. ഈ വിഭാഗത്തിൽ നിന്നും ഒരു സ്ഥാനാർഥിയെ നിര്‍ത്താൻ പോലും കോൺഗ്രസിന് കഴിഞ്ഞില്ലെന്നും ഉമ്മര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പഞ്ചായത്തില്‍ യുഡിഎഫ് അനുകൂല സാഹചര്യമാണെന്ന് കല്ലട കുഞ്ഞുമുഹമ്മദ് പറഞ്ഞു. പത്തില്‍ കുറയാത്ത വാർഡുകളിൽ വിജയിക്കും, 14 വാർഡിലും വിജയ സാധ്യതയുണ്ട്. എല്‍ഡിഎഫിന് കോൺഗ്രസിൽ നിന്നും സ്ഥാനാർഥികളെ കണ്ടെത്തേണ്ട ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു.
ആനപ്പാറ വാർഡിൽ നിന്നും മത്സരിക്കുന്ന വിജയൻ കാരേരിയാണ് യു.ഡി.എഫിന്‍റെ പ്രസിഡന്‍റ് സ്ഥാനാർഥി. കോൺഗ്രസ് 10 സീറ്റിലും, മുസ്ലിം ലീഗ് നാല് സീറ്റിലുമാണ് മത്സരിക്കുന്നത്. വിജയ ഘടകങ്ങൾ വിലയിരുത്തിയാണ് 11, 13, വാർഡുകളിൽ ലീഗ് സ്ഥാനാർഥികൾ സ്വതന്ത്രരായി മത്സരിക്കുന്നതെന്നും കല്ലട കുഞ്ഞുമുഹമ്മദ് പറഞ്ഞു.