മലപ്പുറം: എൽഡിഎഫ് പരാജയഭീതിയിലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയിൽ ഉണ്ടായിരിക്കുന്ന വലിയ ജനപങ്കാളിത്തം എൽഡിഎഫിനെ ആശങ്കയിലാക്കി. ഇതിന് തെളിവാണ് ജാഥയിൽ പങ്കെടുത്തവർക്കെതിരെ കൊവിഡിന്‍റെ പേര് പറഞ്ഞ് കേസെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. മുൻ മന്ത്രി ആര്യാടൻ മുഹമ്മദുമായി നിലമ്പൂരിലെ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇത്തരം കേസുകൾ കൊണ്ട് യുഡിഎഫിന്‍റെ ജനകീയ മുന്നേറ്റത്തെ തടയാൻ കഴിയില്ല. സംസ്ഥാനത്ത് രൂപപ്പെട്ട എൽഡിഎഫ്-ബിജെപി കൂട്ടുകെട്ട് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. ജോസ് കെ. മാണി മുന്നണി വിട്ടത് മധ്യകേരളത്തിൽ യുഡിഎഫിന് തിരിച്ചടിയാകില്ല. യുഡിഎഫിന് മറ്റ് പാർട്ടികളുടെ നയം നോക്കി തീരുമാനം എടുക്കേണ്ട അവസ്ഥയില്ല. മാണി സി.കാപ്പൻ നിലപാട് മാറ്റിയ കാര്യത്തിലാണ് അദ്ദേഹം മറുപടി പറഞ്ഞത്. മുസ്ലീം ലീഗുമായുള്ള സീറ്റ് ധാരണ ചർച്ച നടക്കുന്ന സാഹചര്യത്തിൽ ഉമ്മൻചാണ്ടി-ആര്യാടൻ മുഹമ്മദ് കൂടിക്കാഴ്‌ചക്ക് പ്രധാന്യമേറെയാണ്. യുഡിഎഫ് നേതൃത്വത്തിലുള്ള സർക്കാരായിരിക്കും തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ വരികയെന്നും ഉമ്മൻചാണ്ടി പറഞ്ഞു.