മലപ്പുറം: ചാനല്‍ ചര്‍ച്ചയ്ക്കിടെ യുവതിയോട് മോശമായി പെരുമാറിയ എം.സി ജോസഫൈന്‍റെ പെരുമാറ്റം അധികാര ഹുങ്കിന്‍റേതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അധികാരം തലക്ക് പിടിച്ച മനോഭാവം വളര്‍ന്ന് വരുന്നുണ്ടെന്നതിന്‍റെ പ്രകടമായ ഉദാഹരണമാണിതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
"എന്നേ പുറത്താക്കേണ്ടതായിരുന്നു"
ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്ന കാലത്ത് ദയാവായ്പ്പ് കാണിക്കേണ്ട സ്ഥാനത്താണ് ഇത്തരത്തിലുള്ള പെരുമാറ്റം. ഇത് ഒരിക്കലും സഹിക്കാൻ പറ്റുന്നതല്ല. എം.സി ജോസഫൈനെ എന്നോ പുറത്താക്കേണ്ടതായിരുന്നു എന്നാണ് തന്‍റെ അഭിപ്രായമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യോഗ്യരായവരെയാണ് വനിത കമ്മിഷന്‍ പദവികളില്‍ ഉള്‍പ്പെടെ നിയമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.സി ജോസഫൈന്‍ വനിത കമ്മിഷൻ സംസ്ഥാന അധ്യക്ഷ പദവി രാജിവച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ ഉപനേതാവ് കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി.
Read more: ഒടുവിൽ രാജി; എംസി ജോസഫൈന്‍ വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ചു
ചാനല്‍ പരിപാടിക്കിടെ ഗാർഹിക പീഡനത്തിന് ഇരയായ സ്‌ത്രീയോട് വനിത കമ്മിഷന്‍ അധ്യക്ഷയായിരുന്ന എം.സി ജോസഫൈന്‍ മോശമായി പെരുമാറിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. വിമര്‍ശനങ്ങള തുടര്‍ന്ന് ഖേദ പ്രകടനവുമായി എം.സി ജോസഫൈന്‍ രംഗത്തെത്തിയിരുന്നു.
Read more: ജോസഫൈന്‍റെ മോശം പരാമര്‍ശം; പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം