മലപ്പുറം : 20 വയസുകാരൻ ഒറ്റയ്ക്ക് കശ്മീരിലേക്ക് കാല്‍നടയായി യാത്ര ചെയ്യുന്നു. നിലമ്പൂർ സ്വദേശി മുഹമ്മദ് സനീറാണ് തന്‍റെ സ്വപ്ന യാത്ര തുടങ്ങിയിരിക്കുന്നത്. സനീറിന്‍റെ മൂന്ന് വർഷമായുള്ള ആഗ്രഹം കൂടിയാണ് യാഥാർഥ്യമാകാന്‍ പോകുന്നത്.
യാത്രയോടുള്ള ഈ യുവാവിന്‍റെ അടങ്ങാത്ത അഭിനിവേശമാണ് ഈ യാത്രയ്ക്ക് കാരണമായതും. 3,200 കിലോമീറ്റർ ദൂരം നാലുമാസം കൊണ്ട് പിന്നിടുകയാണ് ലക്ഷ്യം. പിന്നിടുന്ന വഴികളിലെ കാഴ്ചകളും അനുഭവങ്ങളും ആസ്വദിക്കുകയാണ് സ്വപ്നം.
പെട്രോൾ വിലവർധനവ് കാൽനടയാത്രയിലെത്തിച്ചു
ആദ്യം ബൈക്കിൽ പോകാം എന്നാണ് കരുതിയിരുന്നത്. പക്ഷേ പെട്രോൾ വില സമ്മതിച്ചില്ല. പിന്നീട് സൈക്കിളില്‍ പോകാമെന്നായപ്പോൾ അതിന്‍റെ വിലയും താങ്ങാനായില്ല.
അവസാനം രണ്ടും കൽപ്പിച്ച് നടന്നുപോകാം എന്ന് തീരുമാനിക്കുകയായിരുന്നു. ആഗ്രഹം വീട്ടുകാരോട് പങ്കുവച്ചപ്പോള്‍, തമാശ പറയുകയാണെന്ന് വിചാരിച്ച രക്ഷിതാക്കൾ പിന്നീട് സനീറിന്‍റെ വാശിക്ക് മുന്നിൽ സമ്മതം മൂളി.
യാത്ര ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെ
മലപ്പുറം ജില്ലയിലെ നിലമ്പൂർ മന്നിതൊടിക സക്കീർ ഷറഫുന്നീസ ദമ്പതികളുടെ നാല് മക്കളിൽ ഏക ആൺതരിയാണ് സനീർ. ദിവസവും 30 മുതൽ 35 കിലോമീറ്ററെങ്കിലും നടക്കണമെന്നാണ് ഈ യുവാവിന്‍റെ ആഗ്രഹം.
രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന യാത്ര വൈകിട്ട് അഞ്ച് മണിയോടെ അവസാനിപ്പിക്കും. പിന്നീട് സുരക്ഷിത കേന്ദ്രത്തിൽ അന്തിയുറങ്ങും. അതാത് പൊലീസ് സ്റ്റേഷനുകളിലെത്തി യാത്രാവിവരം അറിയിക്കുകയും ചെയ്യുന്നുണ്ട്.
യാത്രാവഴിയിലെല്ലാം നല്ല സഹായവും പിന്തുണയും ലഭിക്കുന്നതായും സനീർ പറയുന്നു. കോഴിക്കോട്, കണ്ണൂർ, മംഗലാപുരം വഴി ഗോവ, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലൂടെ ലഡാക്കിലേക്ക് എന്നതാണ് സനീറിന്‍റെ യാത്രാപാത.
ALSO READ: സ്വർഗ ഭൂമിയിലേക്ക് സഹ്ലയുടെ സ്വപ്‌നയാത്ര സൈക്കിളില്‍