മലപ്പുറം: മലയാളികളുടെ വളര്‍ത്ത് മൃഗങ്ങളുടെ പട്ടികയില്‍ ഏറ്റവും ഒടുവിലായി ഇടം പിടിച്ചവരാണ് ഇഗ്വാനകള്‍. സെന്‍ട്രല്‍, സൗത്ത് അമേരിക്കന്‍ സ്വദേശിയായ ഇഗ്വാന പല്ലി വര്‍ഗത്തില്‍പ്പെട്ട ജീവിയാണ്. ആദ്യ കാഴ്‌ചയില്‍ അല്‍പ്പം ഭയമൊക്കെ തോന്നുമെങ്കിലും നിരുപദ്രവകാരികളും ശാന്തരുമാണ് ഇഗ്വാനകള്‍.
കേരളത്തിൽ പല വീടുകളിലും ഇഗ്വാനയെ വളർത്തുന്നുണ്ടെങ്കിലും മുട്ടയിട്ട് വിരിയുന്നത് അപൂർവമാണ്. മഞ്ചേരി കാരക്കുന്ന് സ്വദേശി സുനീറിന്‍റെ വീട്ടിലാണ് ഇഗ്വാന മുട്ടയിട്ടത്. രണ്ടര വർഷമായി ഇഗ്വാനകളെ വളർത്തുന്ന സുനീറിന്‍റെ പക്കല്‍ അഞ്ച് ഇഗ്വാനകളുണ്ട്.
65 മുതൽ 90 ദിവസം വരെയാണ് മുട്ട വിരിയാൻ എടുക്കുന്ന സമയം. 40 ഓളം മുട്ടകളാണ് സുനീറിന്‍റെ പക്കൽ വിരിയാൻ ഇരിക്കുന്നത്. മണൽ പരപ്പിൽ മുട്ടയിട്ട് മറ്റുള്ളവരുടെ ഇടപെടലില്ലാതെ വിരിയുന്നതാണ് സാധാരണ രീതി. എന്നാൽ മുട്ട പൊട്ടാതിരിക്കാൻ കൂട്ടിൽ നിന്നും പ്രത്യേകം തയ്യാറാക്കിയ ഒരു പാത്രത്തിലേക്ക് മാറ്റുകയാണ് സുനീര്‍ ചെയ്യുന്നത്.
പച്ചക്കറികളും ഇലകളുമാണ് ഇഗ്വാനകൾ പ്രധാനമായും കഴിയ്ക്കുന്നത്. വളർത്താൻ താരതമ്യേന ചിലവ് കുറവാണെന്ന് ചുരുക്കം. വ്യത്യസ്‌ത നിറത്തിലുള്ള ഇവയുടെ നിറത്തിന്‍റേയും വലിപ്പത്തിന്‍റേയും അടിസ്ഥാനത്തിലാണ് വിപണി വില. പച്ച നിറത്തിലുള്ള ഇഗ്വാനകൾക്കാണ് വില കുറവ്. വലിപ്പമുള്ളവയ്ക്ക് 25,000 മുതലും ചെറിയവയ്ക്ക് 9,000 രൂപ മുതലുമാണ് വില. മുട്ട വിരിയുന്നതിനായുള്ള കാത്തിരിപ്പിലാണ് സുനീർ.
Also read: വേനൽകാലം ആഘോഷമാക്കാം, മലബാറിലെ ആദ്യ ടൂറിസം കാരവാൻ കാസർകോട് എത്തി