മലപ്പുറം: പൊലീസിനെതിരെ ഫേസ് ബുക്കിലൂടെ കലാപാഹ്വാനം നടത്തിയ യുവാവിനെ പൂക്കോട്ടുംപാടം പൊലീസ് അറസ്‌റ്റ് ചെയ്‌തു. പാറക്കപ്പാടം മുണ്ടശേരി മുഹമ്മദ് അലി എന്ന ബാപ്പുട്ടി (42) ആണ് അറസ്റ്റിലായത്. കൊവിഡ് പശ്ചാത്തലത്തിൽ അമരമ്പലം, കരുളായി പഞ്ചായത്തുകളിൽ കലക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ നിലവിലുള്ളതിനാൽ ആരാധനാലയങ്ങളിൽ പൊതുജനങ്ങൾ ഒത്തുചേരുന്നത് പൊലീസ് വിലക്കിയിരുന്നു. ഇതിൽ പ്രകോപിതനായ ഇയാൾ പൊലീസിന്‍റെ നടപടിയിൽ പ്രതിഷേധിക്കണമെന്നാവശ്യപ്പെട്ട് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതോടെ പൊലീസിനെതിരെ നിരവധി കമന്‍റുകളും പ്രത്യക്ഷപ്പെട്ടു. പോസ്റ്റ് സമൂഹത്തിലെ പൊതുസമാധാനാന്തരീക്ഷം തകർക്കുന്ന തരത്തിലുള്ളതിനാലാണ് കലാപാഹ്വാനം നടത്തിയെന്ന കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നടപടികൾക്ക് ശേഷം പ്രതിക്ക് ജാമ്യം അനുവദിച്ചു.
also read: ലോക്ക് ഡൗണ്‍ രണ്ടാം ദിവസത്തില്‍; പൊലീസ് പാസിനായി തിരക്ക്