മലപ്പുറം: വളാഞ്ചേരിയില്‍ നാല് പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ അച്ഛൻ അറസ്റ്റിൽ. തിണ്ടലം സ്വദേശിയായ നാല്‍പ്പത്തിയേഴുകാരനാണ് അറസ്റ്റിലായത്. പത്തും പതിമൂന്നും പതിനഞ്ചും പതിനേഴും വയസുള്ള പെണ്‍കുട്ടികളാണ് അച്ഛന്‍റെ ക്രൂരതക്ക് ഇരയായത്.
പെണ്‍കുട്ടികളില്‍ ഒരാള്‍ പീഡനവിവരം അധ്യാപികയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പൊലീസിനേയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരേയും വിവരം അറിയിച്ചു. തന്നെയും സഹോദരിമാരെയും പിതാവ് നിരന്തരം പീഡിപ്പിക്കുന്നുവെന്ന് പെൺകുട്ടി മൊഴി നൽകി. ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ മറ്റ് മൂന്ന് പെൺകുട്ടികളെ കൂടി വിളിച്ചുവരുത്തി മൊഴിയെടുക്കുകയായിരുന്നു. തുടര്‍ന്ന് പിടിയിലായ പ്രതിക്കെതിരെ പോക്സോ, 354 എ വകുപ്പുകൾ ചുമത്തി വളാഞ്ചേരി പൊലീസ് കേസെടുത്തു.