മലപ്പുറം: നിലമ്പൂര്‍ ജില്ലാ ആശുപത്രി പരിസരത്ത് കുപ്പിവെള്ളത്തിന് അമിതവില ഈടാക്കി കടയുടമകള്‍. ലീഗല്‍ മെട്രോളജി വിഭാഗം പരിശോധന നടത്തി കടയുടമകളില്‍ നിന്നും പിഴ ഈടാക്കി. 13 രൂപക്ക് വിൽപ്പന നടത്തുവാൻ അനുവാദമുള്ള കുപ്പിവെള്ളം 15 രൂപക്ക് വിൽപ്പന നടത്തിയതിന് നിലമ്പൂർ ജില്ലാ ആശുപത്രി കോമ്പൗണ്ടിൽ പ്രവര്‍ത്തിക്കുന്ന മിൽമ ബൂത്ത് ഉടമയില്‍ നിന്നും 5000 രൂപ ഈടാക്കി. പ്രദേശത്തെ തന്നെ ഒരു ഹോട്ടല്‍ 13 രൂപക്ക് വില്‍ക്കേണ്ട കുപ്പിവെള്ളം 20 രൂപക്ക് വിൽപ്പന നടത്തിയതിന് നോട്ടീസ് നൽകി. ഒരിക്കല്‍ താക്കീത് നൽകിയിട്ടും വിൽപ്പന തുടര്‍ന്നതിനാണ് നോട്ടീസ് നൽകിയത്. ഇതുമായി ബന്ധപ്പെട്ട് കേസ് എടുക്കുമെന്നും പരിശോധനാ സംഘം അറിയിച്ചു.
ലീഗൽ മെട്രോളജി ഇൻസ്പെക്ടർ എസ്.സിറാജുദ്ദീൻ, റേഷൻ ഇൻസ്പെക്ടർ വി.മധു, അസി. ഇൻസ്പെക്ടർ കെ.മോഹനൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ഇതുവരെ 13 കേസുകളിൽ ലീഗല്‍ മെട്രോളജി വിഭാഗം പിഴ ഈടാക്കി.