മലപ്പുറം: ജില്ലയില്‍ എട്ടുപേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ നാലുപേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. മുംബൈയില്‍ നിന്ന് മെയ് 21ന് വീട്ടിലെത്തിയ അറുപതുകാരനായ പരപ്പനങ്ങാടി സ്വദേശി, ഇദ്ദേഹത്തിന്‍റെ മരുമകള്‍, മരുമകളുടെ മൂന്ന് വയസുള്ള പെണ്‍കുഞ്ഞ്, മൂന്നര മാസം പ്രായമുള്ള കൈക്കുഞ്ഞ് എന്നിവരാണ് അവര്‍. അറുപതുകാരന്‍റെ ഭാര്യക്കും മകനും മെയ് 26ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
മുംബൈയില്‍ നിന്ന് മെയ് 16ന് എത്തിയ തെന്നല തറയില്‍ സ്വദേശി, മുംബൈയില്‍ നിന്നുതന്നെ മെയ് 22ന് എത്തിയ വെളിയങ്കോട് വടക്കേപ്പുറം സ്വദേശി, മസ്‌കറ്റില്‍ നിന്ന് കണ്ണൂര്‍ വഴി മെയ് 23ന് ജില്ലയിലെത്തിയ ചേളാരി പാടാത്താലുങ്ങല്‍ സ്വദേശി, ആന്ധ്രപ്രദേശിലെ കര്‍ണൂലില്‍ നിന്ന് മെയ് എട്ടിന് എത്തിയ വള്ളിക്കുന്ന് ആലിന്‍ചുവട് കൊടക്കാട് സ്വദേശി എന്നിവരാണ് മറ്റ് രോഗബാധിതര്‍.
രോഗബാധിതര്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം മെഹറലി അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ വീടുകളില്‍ പൊതുസമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു.